കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിനു കീഴിലുള്ള കളമശേരി നിയമസഭാ മണ്ഡലത്തിലെ 83-ാം നന്പർ പോളിംഗ് ബൂത്തിൽ റീ പോളിംഗ് ആരംഭിച്ചു. ഈസ്റ്റ് കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക് പോൾ നടത്തും.
അഞ്ച് പോളിംഗ് ഉദ്യോഗസ്ഥരും പോലീസുമാണ് ഡ്യൂട്ടിയിലുള്ളത്. വോട്ടർമാരുടെ ഇടതു കൈയിലെ നടുവിരലിലാണു മഷി പുരട്ടുക. പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് വോട്ടിംഗ് യന്ത്രത്തിൽ കണ്ടതിനെത്തുടർന്ന് 23-ന് ഇവിടെ നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പു കമ്മീഷൻ അസാധുവാക്കി റീ പോളിംഗ് നിശ്ചയിക്കുകയായിരുന്നു.
ബൂത്തിൽ ആകെ 912 വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പു ദിവസം 716 പേർ വോട്ടു ചെയ്യാനെത്തി. വരിനിന്നവരിലൊരാൾ തലകറങ്ങി വീണതിനാൽ രജിസ്റ്ററിൽ പേരു ചേർത്ത 715 പേരേ വോട്ട് രേഖപ്പെടുത്തിയിരുന്നുള്ളൂ. പോളിംഗ് അവസാനിച്ചശേഷം വോട്ടിംഗ് യന്ത്രം പരിശോധിച്ചപ്പോൾ 758 വോട്ടുകൾ പോൾ ചെയ്തെന്നാണു റീഡിംഗ് ലഭിച്ചത്. 43 വോട്ട് അധികമായി കണ്ടെത്തി.
വോട്ടെടുപ്പു തുടങ്ങും മുന്പു മോക് പോളിംഗ് നടത്തിയപ്പോൾ രേഖപ്പെടുത്തിയ വോട്ടുകൾ വോട്ടിംഗ് മെഷീനിൽനിന്നു നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ വിട്ടുപോയതാണ് അധിക വോട്ടുകൾ വരാൻ കാരണം. ബൂത്തിൽ റീപോളിംഗ് നടത്തണമെന്നു സ്ഥാനാർഥികൾ ആവശ്യപ്പെട്ടിരുന്നു. റീപോളിംഗ് പ്രഖ്യാപിച്ചതിനെത്തുടർന്നു യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ, എൽഡിഎഫ് സ്ഥാനാർഥി പി. രാജീവ്, എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം എന്നിവർ 83-ാം ബൂത്തിൽ വീണ്ടും പ്രചാരണം നടത്തിയിരുന്നു.