‘കോതമംഗലം: പ്രളയ ദുരിതാശ്വാസത്തിനു കൈത്താങ്ങാകാൻ എട്ടാംക്ലാസ് വിദ്യാർഥിനി റോസ്മരിയയുടെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. കന്നി – 20 പെരുന്നാളിൽ തന്റെ ചിത്രകലാ പ്രദർശനം ഒരുക്കി ആസ്വാദകരെ വിസ്മയിപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കി. ചിത്രകലാ രംഗത്തുവളർന്നുവരുന്ന പ്രതിഭയാണ് റോസ്മരിയ സെബാസ്റ്റ്യൻ.
റോസ്മരിയ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് ചെറിയപള്ളിക്ക് സമീപം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത വ്യക്തികളുടേയും ചരിത്രപുരുഷൻമാരുടേയും ചിത്രങ്ങളാണ് ഏറെയും. പ്രകൃതിയുടെ വിവിധ ഭാവങ്ങളും ഇവിടെ പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്.
ഒട്ടേറെ തീർഥാടകർ പ്രദർശനം ആസ്വദിക്കുന്നുണ്ട്. പൊൻമുടി അന്പഴത്തിനാൽ സെബാസ്റ്റ്യൻ – ഷേർളി ദന്പതികളുടെ മകളാണ് റോസ്മരിയ. ഇപ്പോൾ മാതാപിതാക്കൾക്കൊപ്പം കോതമംഗലം വെണ്ടുവഴിയിലാണ് താമസം. നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഈ മിടുക്കി ഇതിനോടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
സമീപകാലത്തു 140 നിയമസഭാംഗങ്ങളുടേയും ചിത്രം വരച്ചതും വിസ്മരിക്കാനാവാത്ത പ്രകടനമായിരുന്നു. പെൻസിൽ ഡ്രോയിംഗാണു ഇഷ്ടയിനം. ഓയിൽ പെയിന്റിംഗിലും വരയ്ക്കും. വളരെ ചെറുപ്രായത്തിൽതന്നെ ചിത്രകലയിൽ പ്രാവീണ്യം തെളിയിച്ചുതുടങ്ങിയിരുന്നു.
പ്രദർശനസ്റ്റാളിലേക്കു പ്രവേശനം സൗജന്യമാണ്. താത്പര്യമുള്ളവർക്കു സംഭാവന നൽകാം. ലഭിക്കുന്ന തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് ലക്ഷ്യം. പ്രദർശനത്തിന്റെ ഉദ്ഘാടനം ആന്റണി ജോണ് എംഎൽഎ നിർവഹിച്ചു.