മിക്ക ദിവസങ്ങളിലും ഹോസ്പിറ്റലില്‍ ഞാന്‍ ഉണ്ടായിരുന്നു, അന്ന് അവന്റെ നെറ്റിയില്‍ ഒരുമ്മ കൊടുത്തുശേഷം പ്രാര്‍ഥിച്ചു, പക്ഷേ അവന്‍ നമ്മളെയൊക്കെ പറ്റിച്ചു പെട്ടെന്നു പോയി, ബാലഭാസ്‌കറിന്റെ ഓര്‍മയില്‍ കണ്ണുനിറഞ്ഞ് സ്റ്റീഫന്‍ ദേവസി

സ്റ്റീഫന്‍ ദേവിയും ബാലഭാസ്‌കറും; സ്റ്റേജ് ഷോകളില്‍ വല്ലാത്ത കോംപിനേഷനായിരുന്നു ഇരുവരും. നൂറിലധികം സ്‌റ്റേജുകളില്‍ വിസ്മയം തീര്‍ത്ത ഉറ്റ ചങ്ങാതിമാര്‍. ഹൃദയത്തോട് ചേര്‍ത്തുവച്ച ചങ്ങാതി വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ ആശുപത്രി വരാന്തയില്‍ ഒരു കാവല്‍മാലാഖയെ പോലെ സ്റ്റീഫന്‍ ഉണ്ടായിരുന്നു. അവസാനമായി ബാലുവിനെ നേരിട്ടു കണ്ടതും സംസാരിച്ചതും ഈ ഉറ്റതോഴന്‍ തന്നെ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബാലഭാസ്‌കര്‍ അനുസ്മരണ സമ്മേളനത്തില്‍ സ്റ്റീഫന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ സദസിനെയാകെ വേദനിപ്പിച്ചു.

സ്റ്റീഫന്‍ ദേവസിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍- മിക്ക ദിവസങ്ങളിലും ഹോസ്പിറ്റലില്‍ ഞാന്‍ ഉണ്ടായിരുന്നു. സ്റ്റീഫന്‍ വന്നില്ലെങ്കിലും വോയ്സ് മെസേജ് അയക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഞാന്‍ വോയ്സ് മേസേജ് അയച്ചു. പിയാനോ വായിച്ചു. അവന്റെ നെറ്റിയില്‍ ഞാന്‍ ഒരുമ്മ കൊടുത്തു, പ്രാര്‍ത്ഥിച്ചു. പ്രോഗ്രാമിനു പോകുന്നതിനു മുമ്പ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ട്.

ഐസിയുവിനകത്തു നിന്ന് ഞാന്‍ ചോദിച്ചു, പ്രോഗ്രാമിനു പോകണ്ടേ..? പോകണം എന്ന് അവന്‍ പറഞ്ഞു. നീ തിരിച്ചു വരുമോ.? കാത്തിരിക്കാമെന്ന് ഞാന്‍ വാക്കു കൊടുത്തു. തിരിച്ചുവരും എന്നു തന്നെയാണ് കരുതിയത്. പക്ഷേ അവന്‍ നമ്മളെയൊക്കെ പറ്റിച്ചു. പെട്ടെന്നു പോയി. ഞങ്ങള്‍ തമ്മില്‍ നല്ല കോംപിനേഷനായിരുന്നു. 100 സ്റ്റേജില്‍ ഒരുമിച്ചു വായിച്ചിട്ടുണ്ട്. ഇനി അങ്ങനെയൊരു കോംപിനേഷന്‍ എനിക്ക് കിട്ടില്ല. അവന്‍ സ്റ്റേജില്‍ കയറുമ്പോള്‍ ഭയങ്കര ചാം ആണ്.

ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഒരു ഫ്യൂഷന്‍ വായിക്കുന്നത് ബാലുവിന്റെ കൂടെയാണ്. ബാലുവിന്റെ ബാന്‍ഡ് കണ്ടിട്ടാണ് ഞാന്‍ ബാന്‍ഡ് തുടങ്ങുന്നത്. എന്റെ ഷോകളില്‍ ബാലുവും ബാലുവിന്റെ ഷോകളില്‍ ഞാനും ഗസ്റ്റ് ആയി. ലക്ഷ്മി ഗര്‍ഭിണിയാണെന്ന കാര്യം ആദ്യം ബാലു അറിയിച്ചത് എന്നെയാണ്. വ്യക്തിപരമായ പല കാര്യങ്ങളും തമ്മില്‍ പങ്കുവെച്ചു- കണ്ണുനീര്‍ പൊഴിച്ച് സ്റ്റീഫന്‍ ദേവസി പറയുന്നു.

Related posts