2000ന്റെ നോട്ട് കോപ്പിയടിയോ ? 2000ന്റെ നോട്ടും ഇന്തോനേഷ്യയുടെ ‘10,000 റുപ്പിയ’ നോട്ടും തമ്മില്‍ അസാധാരണ സാമ്യം

i-cur650

2000 രൂപയുടെ നോട്ട് പുറത്തിറങ്ങിയ അന്നു മുതല്‍ വിവാദങ്ങളും കൂടെപ്പിറപ്പായിരുന്നു. വലിപ്പക്കുറവ്, ലോട്ടറി പോലെ തോന്നുന്നു, നിറം ഇളകുന്നു, പൊടിഞ്ഞു പോകുന്നു, മാറാനാകുന്നില്ല. അങ്ങനെ എത്രയെത്ര കുറ്റങ്ങള്‍. ഇപ്പറഞ്ഞ കാര്യങ്ങളുടെ  ഗണത്തിലേക്ക് ഇപ്പോള്‍ പുതിയ ഒരു ആരോപണം കൂടി എത്തിയിരിക്കുകയാണ്. 2000 രൂപ നോട്ടിന് ഇന്തോനേഷ്യയിലെ കറന്‍സിയായ  ‘റുപിയ’ യുമായുള്ള സാമ്യമാണ് പുതിയ വിവാദ വിഷയം. ഇന്തോനേഷ്യന്‍ 10,000 റുപ്പിയയുടെ കോപ്പിയടിയാണിതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. രണ്ടു നോട്ടുകളുടെ നിറവും ഡിസൈനും ഏകദേശം ഒരുപോലെയാണുതാനും.

2010 ജൂലൈ 20 നാണ് ഇന്തോനേഷ്യ 10,000 റുപ്പിയയുടെ കറന്‍സി പുറത്തിറക്കുന്നത്. ആറു വര്‍ഷത്തിനു ശേഷം ചില്ലറ മാറ്റങ്ങളോടെ ഡിസൈന്‍ ഇന്ത്യ  കോപ്പിയടിക്കുകയായിരുന്നെന്നാണ്  പുതിയ കണ്ടെത്തല്‍. രണ്ട് നോട്ടിലും റോസ് നിറത്തിനാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. 2000ന്റെ നോട്ടില്‍ ഇന്ത്യതങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായ മംഗള്‍യാന്റെ ചിത്രം ആലേഖനം ചെയ്തപ്പോള്‍ ഇന്തോനേഷ്യ റുപ്പിയായില്‍ അതേ സ്ഥാനത്ത് കാണുന്നത് ദക്ഷിണ സുമാത്രയിലെ പലെംബാങ്ങിലെ പുരാതന ലിമാസ് ഗൃഹമാണ്.
icur2-650
രണ്ടു കറന്‍സികളുടെയും പിന്‍വശത്ത് ഇടതുഭാഗത്ത് മുകളിലായും വലതുഭാഗത്ത് താഴെയായും തുക രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടിന്റെയും വാട്ടര്‍മാര്‍ക്ക് ഇടതു ഭാഗത്താണ്. ഇന്ത്യ ഇടതുഭാഗത്ത് മുകളിലായി റിസര്‍വ് ബാങ്കിന്റെ പേരും അക്ഷരത്തിലെഴുതിയ തുകയും രേഖപ്പെടുത്തിയപ്പോള്‍ ഇന്തോനേഷ്യ ബാങ്കിന്റെ പേര് വലതുഭാഗത്തും തുക അക്ഷരത്തില്‍ താഴെ രേഖപ്പെടുത്തിയതുമാണ് ആകെയുള്ള വ്യത്യാസം.

മുന്‍വശത്തും അതുപോലെ തന്നെ സാമ്യത കാണപ്പെടുന്നുണ്ട്. നേതാക്കന്മാരെയും ചരിത്രപുരുഷന്മാരെയും കലാപാരമ്പര്യവുമെല്ലാം നോട്ടില്‍ ചിത്രീകരിക്കാറുള്ള ഇന്തോനേഷ്യ 10000 നോട്ടില്‍ പോലംബാങ്ങിലെ എട്ടാമത്തെ സുല്‍ത്താനായ സുല്‍ത്താന്‍ മഹ്മൂദ് ബദാറുദ്ദീന്‍ രണ്ടാമന്റെ ചിത്രമാണ് ഇന്ത്യ രാഷ്ട്രപിതാവിന്റെ ചിത്രം നല്‍കിയിരിക്കുന്നതിന് പകരം നല്‍കിയിരിക്കുന്നത്. നോട്ടിന്റെ വലതുവശത്ത്  ഇന്ത്യ അശോസ്തംഭം നല്‍കിയപ്പോള്‍ ഇന്തോനേഷ്യന്‍ നോട്ടില്‍ അവരുടെ ദേശീയചിഹ്നമായ ഗരുഡനാണ്.

Related posts