പത്തനംതിട്ട: ശബരിമല സ്വര്‍ണ കവർച്ചാ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി സ്വർണം വിറ്റതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ചെന്നൈയില്‍ വേര്‍തിരിച്ചെടുത്ത 476 ഗ്രാം സ്വര്‍ണം കര്‍ണാടകയിലെ ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്ധന് വിറ്റതായാണ് കണ്ടെത്തല്‍.
അന്വേഷണസംഘം ഗോവര്‍ധനെ ചോദ്യം ചെയ്തു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ച് പാളികളില്‍നിന്ന് വേര്‍തിരിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന് പോറ്റി വിറ്റുവെന്നാണ് ഗോവര്ധനന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് ഉണ്ണികൃഷ്ണന് പോറ്റിയെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ബംഗളൂരുവിലേക്കു പോയിരിക്കുന്നത്.
ഉണ്ണികൃഷ്ണന് പോറ്റിയെ ബെല്ലാരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഗോവര്ധന് വിറ്റ സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമം എസ്ഐടി സംഘം നടത്തും.
ബെല്ലാരിയിലെ റോദ്ദം ജ്വല്ലറി ഉടമയാണ് ഗോവര്ധന്. ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് ഗോവര്ധന് ഉണ്ണികൃഷ്ണന് പോറ്റിയുമായി പരിചയപ്പെടുന്നത്.
ഇയാളുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മറ്റ് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്ഐടി കണ്ടെത്തി. ഇക്കാര്യവും ഗോവര്ധന് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം ഗോവര്ധന് അന്വേഷണസംഘത്തിന് കൈമാറി.

