ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ചുഴലി ഇത്യാദിരോഗമുള്ളവര്‍ യാത്രയ്ക്കുമുമ്പ് ഡോക്ടറെ കണ്ട് മെഡിക്കല്‍ ചെക്കപ്പ് നടത്തേണ്ടതാണ്. തങ്ങളുടെ മരുന്നുകള്‍ യാത്രയ്ക്കിടയില്‍ കൃത്യമായി കഴിക്കേണ്ടതാണ്.
* കഴിക്കുന്ന മരുന്നുകളെകുറിച്ചും രോഗാവസ്ഥയെക്കുറിച്ചുമുള്ള ചെറിയ ഒരു വിശദീകരണകുറിപ്പ് കൈയില്‍ കരുതിയിരിക്കുക.
* വയറുനിറയെ ആഹാരംകഴിച്ചശേഷംമല കയറാതിരിക്കുക.* ക്ഷീണം അനുഭവപ്പെടുന്നപക്ഷം ഇടയ്ക്കിടെ വിശ്രമിക്കണം. നിര്‍ജലീകരണം ഉണ്ടാകുന്നപക്ഷം ഉപ്പിട്ട നാരങ്ങവെള്ളമോ കരിക്കിന്‍വെള്ളമോ കുടിക്കുന്നത് നന്നായിരിക്കും.
അധികം ശാരീരിക അധ്വാനമില്ലാത്ത ജോലിയില്‍ ഇടപെടുന്നവര്‍ യാത്രയ്ക്ക് രണ്ടാഴ്ച മുമ്പെങ്കിലും വേഗത്തില്‍ അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന നടത്തം/ഓട്ടം, മറ്റ് വ്യായാമങ്ങള്‍ അഭ്യസിക്കുന്നതു നന്നായിരിക്കും.
ഹൃദയാഘാതം
ഹൃദയത്തിലെ ധമനിക്കുള്ളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പുള്ള ഭാഗത്തിന് (പ്ലേക്ക്) പൊട്ടലോ വിള്ളലുകളോ സംഭവിക്കുമ്പോള്‍ പ്രസ്തുതഭാഗത്ത് രക്തക്കട്ട രൂപപ്പെടുകയും അത് ധമനികളിലെ രക്തചംക്രമണത്തെ പൂര്‍ണമായും തടസപ്പെടുത്തുകയും തന്മൂലം ധമനിക്കുചുറ്റുമുള്ള ഹൃദയപേശികള്‍ക്ക് വേണ്ടത്ര രക്തം ലഭിക്കാതെ ക്ഷതം സംഭവിക്കുകയും ചെയ്യുന്നു. ഈ രോഗാവസ്ഥയാണു ഹൃദയാഘാതം എന്ന് അറിയപ്പെടുന്നത്.
ഹൃദയാഘാത ലക്ഷണങ്ങള്‍
ഹൃദയാഘാതംമൂലമുള്ള നെഞ്ചുവേദന നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുഭാഗത്തോ ഭാരം ഇരിക്കുന്നമാതിരിയോ എരിച്ചിലോ പുകച്ചിലോ ആയി അനുഭവപ്പെടാം. ചിലരില്‍ ഈ വേദന തോളിലോ കൈകളിലേക്കോ പടര്‍ന്നുവെന്നും വരാം. സാധാരണയായി വേദനയോടൊപ്പം അമിതമായ വിയര്‍പ്പ്, ശ്വാസംമുട്ടല്‍, ഛര്‍ദ്ദി, നെഞ്ചിടിപ്പിലുണ്ടാകുന്ന വ്യതിയാനം, ബോധക്കേട് ഇത്യാദി അസ്വസ്ഥതകളും കണ്ടേക്കാം.
ഹൃദയാഘാതം സംഭവിച്ചാല്‍
സമയം വൈകുംതോറും ഹൃദയപേശികള്‍ക്കു വീണ്ടെടുക്കാനാവാത്തവിധം നാശം സംഭവിക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് രോഗി വൈദ്യചികിത്സയ്ക്കു വിധേയനാകേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ ഹൃദ്രോഗ ചികിത്സയ്ക്കാവശ്യമായ നൂതനമായ സംവിധാനങ്ങള്‍(കൊറോണറി കെയര്‍ യൂണിറ്റ്) സജ്ജീകരിച്ചിരിക്കുന്നു. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള വിദഗ്ധരായ മെഡിക്കല്‍ സംഘത്തിന്റെ സൗജന്യസേവനം 24 മണിക്കൂറും ലഭ്യമാണെന്നുള്ള കാര്യം തീര്‍ഥാടകര്‍ മറക്കാതിരിക്കുക.
ഇവര്‍ ഹൃദയത്തിന് അപകടകാരികള്‍
* പ്രമേഹം
*അമിത രക്തസമ്മര്‍ദ്ദം
*രക്തത്തിലെ ഉയര്‍ന്ന
*കൊളസ്‌ട്രോളിന്റെ അളവ്
*ദുര്‍മേദസ്
*മാനസിക പിരിമുറുക്കം
*പുകവലി, മദ്യപാനം
*വ്യായാമരാഹിത്യം
*അനാരോഗ്യകരമായ ഭക്ഷണരീതി.
ഡോ.പ്രശാന്ത്
ഫിസിഷ്യന്‍ പാമ്പാടുംപാറ പ്രാഥമികാരോഗ്യകേന്ദ്രം, ഇടുക്കി