പഠിച്ചു നേടാത്ത ഡോക്ടറേറ്റ് സ്വീകരിക്കുന്നതില്‍ ധാര്‍മിക പ്രശ്‌നങ്ങളുണ്ട്! ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന പതിവ് വ്യക്തിപരമായി ഇല്ല; ജാദവ്പൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് നിരസിച്ചുകൊണ്ട് സച്ചിന്‍ നിരത്തിയ കാരണങ്ങളിങ്ങനെ

മാന്യതയുടെ പര്യായമായി കോടിക്കണക്കിനാളുകള്‍ കരുതിപ്പോരുന്ന വ്യക്തിത്വമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന വ്യക്തിയുടേത്. കളിക്കളത്തിലും പുറത്തുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം അത് പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. ക്രിക്കറ്റ് ലോകത്തില്‍ പ്രത്യേകിച്ച് തന്റെ പ്രകടനങ്ങളെ കടത്തിവെട്ടാന്‍ മറ്റൊരാളില്ലെന്നത് അദ്ദേഹം സ്ഥാപിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ സച്ചിന്‍ എന്ന് മഹത് വ്യക്തിയുടെ മാന്യത വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുന്നു. ജാദവ്പൂര്‍ സര്‍വകലാശാല നല്‍കിയ ഓണററി ഡോക്ടറേറ്റ് സച്ചിന്‍ നിരസിച്ചു എന്നതാണ് ആ വാര്‍ത്ത. ഡോക്ടറേറ്റ് നിരസിച്ചുകൊണ്ട് സച്ചിന്‍ നല്‍കിയ വിശദീകരണമാണ് അതിലേറെ ശ്രദ്ധേയമായിരിക്കുന്നത്.

പഠിച്ചു നേടാത്ത ഡോക്ടറേറ്റ് സ്വീകരിക്കുന്നതിലെ ധാര്‍മിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഓണററി ഡോക്ടറേറ്റ് വാഗ്ദാനം സച്ചിന്‍ നിരസിച്ചതെന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. സച്ചിന്‍ താല്‍പര്യക്കുറവ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഓണററി ഡോക്ടറേറ്റ് ബോക്‌സിങ് താരം മേരി കോമിനു നല്‍കാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.

‘തെന്‍ഡുല്‍ക്കറിന് ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ധാര്‍മികമായ കാരണങ്ങളാല്‍ പുരസ്‌കാരം സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം അദ്ദേഹം ഇ മെയിലിലൂടെ മറുപടി നല്‍കി’. ജാദവ്പുര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുരഞ്ജന്‍ ദാസ് മാധ്യമങ്ങളോടു പറഞ്ഞു.

ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന പതിവ് തനിക്കില്ലെന്ന് സച്ചിന്‍ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓക്‌സ്ഫഡ് സര്‍വകലാശാല നല്‍കിയ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാന്‍ വിസമ്മതിച്ച ചരിത്രവും സച്ചിനുണ്ട്. ഈ ഡോക്ടറേറ്റിനായി അധ്വാനിച്ചിട്ടില്ലാത്തതിനാല്‍, ഇതു സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വസ് ചാന്‍സലര്‍ പറഞ്ഞു.

സച്ചിന്റെ മറുപടി സര്‍വകലാശാല ചാന്‍സലറും ബിഹാര്‍ ഗവര്‍ണറുമായ കേശരി നാഥ് ത്രിപാഠിയെ അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് അഞ്ചുവട്ടം ലോക അമച്വര്‍ ബോക്‌സിങ് ചാംപ്യനായ മേരി കോമിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സര്‍ കൂടിയാണ് മേരി കോം.

2011ല്‍ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് നല്‍കിയ ഓണററി ഡോക്ടറേറ്റും സച്ചിന്‍ നിരസിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ സച്ചിന്റെ സഹതാരമായിരുന്ന രാഹുല്‍ ദ്രാവിഡും അര്‍ഹതയില്ലെന്ന കാരണത്താല്‍ മുന്‍പ് ഓണററി ഡോക്ടറേറ്റ് വേണ്ടെന്നുവച്ചിട്ടുണ്ട്.

Related posts