കോഹ്‌ലിയെ പ്രശംസിച്ച് മതിവരാതെ ലിറ്റിൽ മാസ്റ്റർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുമായി ആരാധകർ താരതമ്യപ്പെടുത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. കോഹ്‌ലി ഈ പോക്ക് പോയാൽ സച്ചിന്‍റെ റിക്കാർഡുകൾ ഒന്നൊന്നായി പഴങ്കഥകളാകുമെന്ന് പറഞ്ഞവരിൽ ലോകക്രിക്കറ്റിലെ അതികായർ വരെയുണ്ട്.

സാക്ഷാൽ സച്ചിനും കോഹ്‌ലിയുടെ പ്രകടനങ്ങളെയും നായകത്വത്തെയും പ്രശംസിക്കുന്നതിൽ പിശുക്ക് കാട്ടാറില്ല. ഇന്ത്യൻ നായകന്‍റെ പെരുമാറ്റത്തിനും കാഴ്ചപ്പാടുകൾക്കും മാറ്റം വന്നിട്ടില്ലെന്നാണ് മാസ്റ്റർ ബ്ലാസ്റ്ററുടെ പുതിയ അഭിപ്രായം. കോഹ്‌ലി കളിക്കളത്തിൽ പ്രകടിപ്പിക്കുന്ന ഊർജസ്വലതയും ആക്രമണോത്സുകതയും പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് ഓർത്തെടുത്ത സച്ചിൻ പക്ഷേ, ഇപ്പോൾ അതെല്ലാം ടീം ഇന്ത്യയ്ക്ക് മുതൽക്കൂട്ടായെന്നും പറഞ്ഞു.

കോഹ്‌ലിയുടെ പരുമാറ്റത്തിൽ ക്യാപ്റ്റനായതിനു ശേഷവും മാറ്റങ്ങളില്ലെന്നു പറഞ്ഞ സച്ചിൻ ഒരു കളിക്കാരന് എപ്പോഴും വേണ്ടത് സ്വതന്ത്രമായി കളിക്കാനുള്ള സാഹചര്യമാണെന്നും കോഹ്‌ലി അത് നന്നായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കി. മുംബൈയിൽ പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ്‌യുടെ പുസ്തക പ്രകാശനത്തിനെത്തിയപ്പോഴാണ് സച്ചിൻ കോഹ്‌ലിയെ പ്രശംസകൾകൊണ്ട് മൂടിയത്.

Related posts