ആണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കെന്താണ് കുറ്റബോധം തോന്നാത്തത്? തങ്ങളുടെ മക്കള്‍ പെണ്ണുങ്ങളുടെ അധികാരികളല്ല എന്ന് പഠിപ്പിക്കാത്തതെന്താണ്? കിളിനക്കോട് വിഷയത്തില്‍ എഴുത്തുകാരി ശാരദക്കുട്ടിക്ക് പറയാനുള്ളത്

ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലും പുറത്തും ഏറെ ചര്‍ച്ചയായ ഒരു സംഭവമാണ് മലപ്പുറം ജില്ലയിലെ കിളിനക്കോട് എന്ന പ്രദേശത്തെ ആളുകളുടെ പ്രത്യേകത സംബന്ധിച്ച് ഏതാനും പെണ്‍കുട്ടികള്‍ ചേര്‍ന്ന് പുറത്തുവിട്ട ഒരു വീഡിയോ. കല്ല്യാണത്തിനെത്തിയ തങ്ങളെ സദാചാരവാദികള്‍ അപമാനിച്ച വിഷയം സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പെണ്‍കുട്ടികള്‍ ലൈവ് വീഡിയോയിലെത്തിയത്.

അതേസമയം പെണ്‍കുട്ടികളെ വിമര്‍ശിച്ചും നാട്ടുകാരെ പിന്താങ്ങിയും നിരവധിയാളുകള്‍ രംഗത്തെത്തുകയുണ്ടായി. പെണ്‍കുട്ടികള്‍ പിന്നീട് സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയയായി. ഇപ്പോഴിതാ പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടി പെണ്‍കുട്ടികള്‍ക്കുള്ള പിന്തുണ അറിയിച്ചത്. അവരുടെ വാക്കുകള്‍ ഇങ്ങനെ…

കിളിനക്കോട്ടെ പോലീസ് സ്റ്റേഷനില്‍ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളര്‍ന്നു മുറ്റിയ ആ ആണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നില്ലേ? തങ്ങളുടെ മക്കള്‍ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേ? അത്തരം രക്ഷിതാക്കള്‍ക്കെന്താണ് കുറ്റബോധം തോന്നാത്തത്? ആ പെണ്‍കുഞ്ഞുങ്ങളോട് മാപ്പു പറയാന്‍ മക്കളെ പറഞ്ഞു വിടണ്ടേയെന്നും ശാരദക്കുട്ടി ചോദിക്കുന്നു.

ഊര്‍ജ്ജം തുളുമ്പി, ചിരിച്ചു മറിഞ്ഞ് നര്‍മ്മഭാഷണം പറഞ്ഞ് ആണ്‍കുട്ടികളുടെ തലയിലെ വെളിച്ചമില്ലായ്മക്കു പരിഹാരം നിര്‍ദ്ദേശിക്കുന്ന തരത്തില്‍ ചുണക്കുട്ടികളായി പെണ്മക്കളെ വളര്‍ത്തിയെടുത്ത അമ്മമാരെ അഭിനന്ദിക്കുന്ന ഒരു സമീപനം എന്നാണ് കേരളമെന്ന ഈ വലിയ കിളിനക്കോട്ടുകരയ്ക്ക് ഉണ്ടാവുക. ആണ്‍മക്കളേ.. വെറുപ്പും അഹങ്കാരവും അധികാര ധാര്‍ഷ്ട്യവും നിങ്ങളെ ഭൂമിയില്‍ നിന്നു തന്നെ ഇല്ലാതാക്കുന്നതിനു മുന്‍പ്, പറന്നുയരുവാന്‍ ചിറകുകളാര്‍ജ്ജിച്ചു കഴിഞ്ഞ പെണ്‍കൂട്ടുകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക. അവരുടെ ചിരിയും ഇളക്കങ്ങളും നിങ്ങളുടെയും ജീവിത പ്രേരണയാകട്ടെ. നിങ്ങളുടെ ഭുജശാഖയിലല്ല അവരുടെ ഇരുപ്പ്- ശാരദക്കുട്ടി കുറിച്ചു.

അതേസമയം, സോഷ്യല്‍മീഡിയയില്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ച ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വാട്സ്ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വ്യക്തിപരമായ അധിക്ഷേപത്തിനും സൈബര്‍ ആക്രമണത്തിനും പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 6 പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 506 എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തത്.

Related posts