ഉഗ്രവിഷ സര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ! പുലി പശുക്കുട്ടിയെപ്പോലും ചേര്‍ത്ത് പിടിക്കും അപ്പോള്‍; പ്രളയക്കെടുതിയിലും വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി

ഇടുക്കി അണക്കെട്ട് തുറന്നതിന് പിന്നാലെ വിഷയത്തെ വഴിതിരിച്ചു വിടുന്ന രീതിയിലുള്ള ബിജെപി സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിന്റെ കുറിപ്പ് വലിയ രീതിയില്‍ ചര്‍ച്ചയും വിവാദവുമായിരുന്നു. ഈയവസരത്തില്‍ തന്നെ വേണമായിരുന്നോ ഇങ്ങനെയൊക്കെ പറയാന്‍ എന്ന ചോദ്യവുമായി അനേകമാളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശാരദക്കുട്ടിയാണ് ഇപ്പോള്‍ ഇദ്ദേഹത്തിന് മറുപടിയുമായി എത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.

ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നതിങ്ങനെ…

താങ്കള്‍ കൃഷ്ണഗാഥ എന്നു കേട്ടിട്ടുണ്ടോ. ഹിന്ദുക്കളൊക്കെ പണ്ടേ വായിക്കുന്ന ഒരു പുസ്തകമാണ്. അതിലെ ഖാണ്ഡവ ദാഹമെന്ന ഖണ്ഡത്തില്‍ 200 -ാമത്തെ വരിയില്‍ ഒരു കാര്യം പറയുന്നുണ്ട്. തെരഞ്ഞു പിടിച്ചു വായിക്കുന്ന ശീലമുള്ളവരായതുകൊണ്ടാണ് കൃത്യമായി വരി പറഞ്ഞു തന്നത് . എടുത്തൊന്നു വായിക്കൂ..

‘സാമാന്യനായൊരു വൈരി വരുന്നേരം
വാമന്മാര്‍ തങ്ങളില്‍ ചേര്‍ന്നു ഞായം’ എന്നാണാ വരി. പൊതുവായ ഒരു ശത്രുവരുമ്പോള്‍ ഉള്ളിലുള്ളവര്‍ ചെറിയ വൈരമൊക്കെ മറന്ന് ഒന്നിക്കും. ഖാണ്ഡവ വനം കത്തിയെരിയുകയാണ്. ജീവജാലങ്ങള്‍ പരിഭ്രാന്തരായി പരക്കം പായുന്നു.

ഓടി വരുന്നൊരു വന്‍ തീയെക്കണ്ടിട്ട് പുലിയും മാന്‍കുട്ടിയും ആനയും സിംഹവും വൈരം മറന്നു കൈകോര്‍ക്കുന്നു. പശുക്കുട്ടികളെ പുലികള്‍ ചേര്‍ത്തു പിടിക്കുന്നു. തീയെ ചെറുക്കുവാന്‍ സര്‍പ്പങ്ങള്‍ തങ്ങളുടെ പത്തി വിടര്‍ത്തുന്നതിനടുത്ത് തൊട്ടടുത്തു തന്നെ നിന്ന് മയിലുകള്‍ പീലി വിടര്‍ത്തി പ്രകൃതിദുരന്തത്തെ ചെറുക്കുന്നുണ്ട്.

ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളു. അവരുടേത് പാഴ്ജന്മങ്ങളല്ല.

ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോള്‍ ആ പ്രകൃതി നിയമമൊക്കെ ഓര്‍ത്തിട്ടാണ്, അതു കൊണ്ട് മാത്രമാണ്, മിസ്റ്റര്‍ ടി ജി മോഹന്‍ദാസ് നിങ്ങളോട് ക്ഷമിക്കുന്നത്. കരദേവതമാരായതുകൊണ്ടല്ല. തക്ക ഭാഷ പറയാന്‍ അറിയാഞ്ഞിട്ടുമല്ല.

‘കുറേ ജിഹാദികള്‍ ബഹളം വെയ്ക്കുന്നതൊഴിച്ചാല്‍ ജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ നടത്തുന്നുണ്ടെന്നും ഓരോ ഷട്ടര്‍ തുറക്കുമ്പോഴും ആര്‍പ്പുവിളിയോടെ ജലദേവതയെ സ്വീകരിക്കുകയാണ് അവരെന്നും വന്‍കുഴപ്പം പ്രതീക്ഷിച്ച ജിഹാദികള്‍ നിരാശരായിരിക്കുന്നു എന്നുമായിരുന്നു ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്. എല്ലാവര്‍ക്കും രക്ഷയായി സൈന്യവും എത്തിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.

Related posts