ഇന്ത്യയ്ക്കിത് മഹത്തായ ദിനമാണ്! ഇന്ത്യയെ ചതിക്കുന്നവരാരും ശിക്ഷ അനുഭവിക്കാതെ രക്ഷപെടുകയില്ല; ബിജെപിയുടെ തകര്‍ച്ചയെ സൂചിപ്പിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ തന്നെ വാക്കുകളെ കടമെടുത്ത് ശശി തരൂര്‍ എംപി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷിക്കാനേറെയാണ്. ഒരിടത്ത് പോലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് വ്യക്തമായ മേധാവിത്വം നേടാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടില്ലെന്നത്, ബിജെപിയുടെ അപ്രമാദിത്വത്തിന് തിരിച്ചടി ലഭിച്ചിരിക്കുന്നു എന്നതിന് തെളിവാണ്.

കോണ്‍ഗ്രസ് വിജയ മധുരം നുണയുന്ന അവസരത്തില്‍, കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഇതേക്കുറിച്ച് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കുകള്‍ കടമെടുത്താണ് ശശി തരൂര്‍ പ്രതികരണം നടത്തിയിരിക്കുന്നത്.

ഇന്ത്യയെ ചതിക്കുന്നവരാരും ശിക്ഷ കിട്ടാതെ രക്ഷപെടില്ലെന്ന ജെയ്റ്റ്‌ലിയുടെ വാക്കുകളാണ് ശശി തരൂര്‍, ബിജെപിയുടെ പതനത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചത്.

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള ബ്രിട്ടീഷ് കോടതി ഉത്തരവ് വന്നപ്പോള്‍, അതിനുള്ള പ്രതികരണമായി ജെയ്റ്റ്‌ലി പറഞ്ഞതായിരുന്നു ആ വാചകം. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും 9000 കോടി വായ്പയെടുത്ത് രാജ്യം വിട്ട കേസിലായിരുന്നു, ലണ്ടനിലെ കോടതിയുടെ നിര്‍ണ്ണായകവിധി. ഇതിനുള്ള പ്രതികരണമായാണ് ഇന്ത്യയെ ചതിക്കുന്നവരാരും ശിക്ഷ കിട്ടാതെ രക്ഷപ്പെടില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞത്.

അരുണ്‍ ജെയ്റ്റ്ലിയുടെ വാക്കുകള്‍ അതേപടി തിരിച്ചടിക്കാന്‍ ഉപയോഗിച്ചിരിക്കുകയാണ് തരൂര്‍. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഗംഭീര വാര്‍ത്തകളാണ് വരുന്നത്. ഈയവസരത്തില്‍ ജെയ്റ്റ്ലിയുടെ വാക്കുകള്‍ ഓര്‍ത്തുപോകുന്നു. ‘ഇന്ത്യക്കിത് മഹത്തായദിനമാണ്. ഇന്ത്യയെ ചതിക്കുന്നവരാരും ശിക്ഷ അനുഭവിക്കാതെ രക്ഷപ്പെടില്ല’- എന്നാണ് തരൂരിന്റെ പ്രതികരണം.

Related posts