റാഞ്ചി: സൗദി അറേബ്യയിൽ പോലീസ് ഏറ്റുമുട്ടലിൽ ഇന്ത്യക്കാരൻ മരിച്ചു. ജാർഖണ്ഡ് ഗിരിധി ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹാതോ (27) യാണ് മരിച്ചത്. ലോക്കൽ പോലീസും മദ്യക്കള്ളക്കടത്തുകാരെന്ന് സംശയിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മഹാതോയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഒക്ടോബർ 16ന് ആയിരുന്നു സംഭവം.
മഹാതോ കഴിഞ്ഞ ഒമ്പത് മാസമായി ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു. ജിദ്ദയിൽവച്ച് മഹാതോ കൊല്ലപ്പെട്ടതായി സൗദി ഉദ്യോഗസ്ഥർ അറിയിച്ചു. ഗിരിദിഹിലെ ദുമ്രി ബ്ലോക്കിൽനിന്നുള്ള പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജാർഖണ്ഡ് തൊഴിൽവകുപ്പ് അറിയിച്ചു. സൗദിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായും അധികൃതർ ഇന്നലെ അറിയിച്ചു.
ഒരു ഏറ്റുമുട്ടലിൽ താൻ കുടുങ്ങിയെന്നും പരിക്കേറ്റെന്നും അറിയിച്ച് ഭാര്യ ബസന്തിദേവിക്ക് മഹാതോ വാട്സാപ് ശബ്ദ സന്ദേശം അയച്ചിരുന്നതായി കുടിയേറ്റ തൊഴിലാളി പ്രശ്നങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ സിക്കന്ദർ അലി പറഞ്ഞു. ബസന്തിദേവി ഭർതൃവീട്ടുകാരെ വിവരം അറിയിച്ചിരുന്നു. പക്ഷേ, ഒക്ടോബർ 24ന് ആണ് മഹാതോ മരിച്ചതായി കമ്പനി കുടുംബത്തെ അറിയിച്ചതെന്നും അലി പറഞ്ഞു.

