കൗമാരോത്സവത്തിന്റെ ദിനങ്ങളെണ്ണി കണ്ണൂര്‍ കാത്തിരിക്കുന്നു

knr-sslcപി.ടി. പ്രദീഷ്
കണ്ണൂര്‍: പതിറ്റാണ്ടാകുമ്പോഴേക്കും തെയ്യങ്ങളുടേയും തറികളുടേയും നാട്ടില്‍ വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കൗമാരോത്സവമെത്തുന്നു. ഇനി കൗമാരപ്രതിഭകളുടെ കലാനിപുണത മാറ്റുരയ്ക്കപ്പെടുന്ന ദിനരാത്രങ്ങള്‍ക്കായി ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പിലാണു കണ്ണൂരിലെ കലാസ്‌നേഹികള്‍. ഇതു നാലാം തവണയാണു സ്കൂള്‍ കലോത്സവം കണ്ണൂരിലെത്തുന്നത്. ഇതിനുമുമ്പ് 1982 ലും 1995 ലും 2007 ലുമാണു കൗമാരപ്രതിഭകള്‍ക്കു കണ്ണൂര്‍ വിരുന്നൂട്ടിയത്. 1991 ല്‍ കാസര്‍ഗോഡും കലോത്സവത്തിന് ആതിഥ്യമരുളിയിരുന്നു.

2007 ല്‍ കണ്ണൂരില്‍ കലോത്സവമെത്തിയപ്പോഴും 12 വര്‍ഷത്തെ ഇടവേളയുണ്ടായിരുന്നു. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും കലാകേരളത്തിന് ആതിഥേയത്വം വഹിക്കാന്‍ അന്നു കണ്ണൂരിനായിരുന്നു.  ഇത്തവണ എറണാകുളത്തു നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊച്ചി മെട്രോ റെയില്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഇക്കുറി കണ്ണൂരിനു നറുക്കുവീഴുകയായിരുന്നു.1957 ജനുവരി 26 ന് എറണാകുളം ഗേള്‍സ് ഹൈസ്കൂളിലായിരുന്നു ആദ്യകലോത്സവത്തിന് തിരിതെളിഞ്ഞത്.

60 പെണ്‍കുട്ടികളുള്‍പ്പെടെ 400 ഓളം ഹൈസ്കൂള്‍വിദ്യാര്‍ഥികള്‍ പങ്കെടുത്ത ആദ്യ കലോത്സവത്തില്‍ ആകെ 13 ഇനങ്ങളിലായി 18 മത്സരങ്ങള്‍ ഉണ്ടായിരുന്നതായാണു രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാലിപ്പോള്‍ 14 ജില്ലകളില്‍ നിന്നായി അയ്യായിരത്തോളം കൗമാരപ്രതിഭകളാണു കലോത്സവങ്ങളില്‍ മാറ്റുരയ്ക്കുന്നത്. കേരളത്തിലെ ആദ്യമന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങള്‍ക്കുശേഷമായിരുന്നു രണ്ടാമതു സംസ്ഥാന സ്കൂള്‍ കലോത്സവം നടന്നത്. 1958 ജനുവരിയില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മോഡല്‍ ഹൈസ്കൂളില്‍മൂന്നു ദിവസങ്ങളിലായാണു മത്സരങ്ങള്‍ അരങ്ങേറിയത്. ഈ കലോത്സവത്തിലാണു കെ.ജെ.യേശുദാസും പി. ജയചന്ദ്രനും മത്സരിച്ചു സമ്മാനങ്ങള്‍ നേടിയത്.

എറണാകുളത്തിനും തിരുവനന്തപുരത്തിനും ശേഷം മൂന്നാമത്തെ കലോത്സവം മലബാറില്‍ നടത്താമെന്ന ധാരണയിലെത്തിയിരുന്നു. പിന്നീട് വേദി പാലക്കാടായിരിക്കുമെന്ന പ്രഖ്യാപനമുണ്ടായി. എന്നാല്‍ പാലക്കാട് നഗരത്തില്‍ അക്കാലത്തു വസൂരിരോഗം പടര്‍ന്നുപിടിച്ചതിനാല്‍ അവസാനനിമിഷം മേള ചിറ്റൂരിലേക്കു മാറ്റുകയായിരുന്നു. നാലാം കലോത്സവവും മലബാറില്‍ തന്നെയായിരുന്നു. കോഴിക്കോട് സാമൂതിരി ഹൈസ്കൂളില്‍ വച്ചായിരുന്നു അത്.

ഒരു വിദ്യാഭ്യാസ വര്‍ഷത്തില്‍ ഏറ്റവും നേരത്തെ സംസ്ഥാനതല കലോത്സവം പൂര്‍ത്തിയാക്കിയതു 1962-63ലായിരുന്നു. തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്കൂളില്‍ ഏഴാമതു സംസ്ഥാന കലോത്സവം നടന്നതു 1962 നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് എന്നീ തിയതികളിലായിരുന്നു. അങ്ങനെ 1962 കലണ്ടര്‍ വര്‍ഷത്തില്‍ രണ്ടു കലോത്സവങ്ങള്‍ നടക്കുകയും 1963ല്‍ നടക്കാതെ വരികയും ചെയ്തു. ഒരു വിദ്യാഭ്യാസ ജില്ലയില്‍നിന്നും പരമാവധി 26 പേര്‍ക്ക് (19 ആണ്‍കുട്ടികള്‍, ഏഴു പെണ്‍കുട്ടികള്‍) മാത്രമേ പങ്കെടുക്കാവൂയെന്നു നിജപ്പെടുത്തിയതും തൃശൂരിലെ ആദ്യ കലോത്സവത്തിലായിരുന്നു. 1966, 67, 72, 73 എന്നീ വര്‍ഷങ്ങളില്‍ കലോത്സവങ്ങള്‍ നടന്നില്ല. ആദ്യം കാശ്മീരിനെചൊല്ലിയും രണ്ടാം തവണ ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിലുണ്ടായ ഇന്ത്യാ-പാക് യുദ്ധങ്ങളുമാണു കലോത്സവ ചരിത്രത്തില്‍ വിടവുകള്‍ വീഴ്ത്തിയത്.

1970 ലാണു കലോത്സവത്തിനു വലിയ പന്തലുകളും ഉയര്‍ന്ന സ്‌റ്റേജുമൊക്കെ സജ്ജീകരിക്കാന്‍ തുടങ്ങിയത്. 1971 ല്‍ ആലപ്പുഴയില്‍ നടന്ന മേളയില്‍ യുവജനോത്സവഗാനം പ്രത്യേകം ചിട്ടപ്പെടുത്തി അവതരിപ്പിച്ചു.  കലാതത്പരനായ ആര്‍. രാമചന്ദ്രന്‍നായര്‍ വിദ്യാഭ്യാസ ഡയറക്ടറായി ചുമതല ഏറ്റെടുത്തതോടു കൂടി കലോത്സവത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്കു തുടക്കമായി. ജനസ്വാധീനമുള്ള കൂടുതല്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തുകയും മത്സരഇനങ്ങളില്‍ കാര്യമായ പരിഷ്കാരങ്ങള്‍ വരുത്തുകയും ചെയ്തു.

കലോത്സവത്തിനു മുന്നോടിയായി വര്‍ണശബളമായ ഘോഷയാത്ര ആദ്യമായി 1976ല്‍ കോഴിക്കോടായിരുന്നു തുടങ്ങിയത്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന്റെ നേതൃത്വത്തിലായിരുന്നു മാനാഞ്ചിറ മൈതാനത്തുനിന്നും തുടക്കം കുറിച്ചു സാമൂതിരി ഹൈസ്കൂളിലെ നഗരിയിലേക്കു ഘോഷയാത്ര നീങ്ങിയത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും വിവിധ ജില്ലകളെ പ്രതിനിധീകരിച്ചെത്തിയ വിദ്യാര്‍ഥിസംഘങ്ങളും നിശ്ചലദൃശ്യങ്ങളും അന്നു കാണികളെ ആവേശഭരിതരാക്കി. 1982 ടി.എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായ കാലഘട്ടത്തില്‍ മത്സരങ്ങളുടെ എണ്ണവും പ്രാതിനിധ്യവും ഏതാണ്ട് ഇരട്ടിയായി വര്‍ധിപ്പിച്ചു.

പരമാവധി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാനും എല്ലാ കേരളീയ കലാരൂപങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കാനും അക്കാലത്തായി. 1985ല്‍ എറണാകുളത്ത് കലോത്സവത്തിന്റെ രജത ജൂബിലി കൊണ്ടാടിയപ്പോഴേക്കും അതൊരു നിറപ്പകിട്ടാര്‍ന്ന മേളയായി മാറിക്കഴിഞ്ഞിരുന്നു. തൃശൂരില്‍ 1986ല്‍ നടന്ന മേളയില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം എന്നീ പട്ടങ്ങള്‍ ഏര്‍പ്പെടുത്തി. 1987ല്‍ കോഴിക്കോട് വച്ചു നടന്ന കലോത്സവത്തിലായിരുന്നു സ്വര്‍ണക്കപ്പ് നല്കിത്തുടങ്ങിയത്. ഇതിനുപിന്നിലും മന്ത്രിയായിരുന്നു ടി.എം.ജേക്കബായിരുന്നു. 87 ല്‍ ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലയാണ് ആദ്യമായി സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണക്കപ്പ് ലഭിച്ചതു കോഴിക്കോടിനും.

Related posts