കൈത്തറിമേഖലയ്ക്ക് പുനര്‍ജനി; സര്‍ക്കാര്‍,എയ്ഡഡ് വിദ്യാര്‍ഥികള്‍ അടുത്ത വര്‍ഷം മുതല്‍ യൂണിഫോമായി കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കണം

FB-KHADHI

ഒറ്റപ്പാലം: പരമ്പരാഗത കൈത്തറിമേഖലയ്ക്ക് പുനര്‍ജനിയുടെ പുതുവെളിച്ചം. അടുത്ത അധ്യയനവര്‍ഷംമുതല്‍ സംസ്ഥാനത്തെ 25 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍, എയ്ഡഡ് വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും യൂണിഫോമായി കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് പരമ്പരാഗത കൈത്തറി മേഖലയ്ക്ക് പുതുജീവന്‍ നല്കുന്നത്. ഉത്തരവ് നിലവില്‍ വരുന്നതോടെ മേഖലയില്‍ കൂടുതല്‍ അവസരങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍.പരമ്പരാഗത കൈത്തറി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും ഈ തൊഴില്‍ ഉപേക്ഷിച്ച് മറ്റു തൊഴില്‍ തേടിപോയെങ്കിലും ഇന്നും അനുഷ്ഠാനംപോലെ ഈ മേഖലയില്‍ ഉറച്ചുനില്ക്കുന്ന അനേകംപേരുണ്ട്.

ഇവര്‍ക്കെല്ലാം മനസിനു ഏറെ സന്തോഷവും പ്രതീക്ഷയും നല്കുന്ന പ്രഖ്യാപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും ഉണ്ടായിട്ടുള്ളത്.സര്‍ക്കാര്‍, എയ്ഡഡ് വിദ്യാര്‍ഥികളെല്ലാം തങ്ങളുടെ യൂണിഫോം കൈത്തറി തുണിയാക്കണമെന്നാണ് തീരുമാനം. കൈത്തറി സൊസൈറ്റി വഴിയാണ് തുണി ലഭ്യമാക്കുക. ഇതുവഴി കൈത്തറി വ്യവസായവും ശക്തിപ്പെടും. ഇതിനകം തന്നെ തുണിനിര്‍മാണത്തിന്റെ നടപടി ബന്ധപ്പെട്ടവര്‍ തുടങ്ങി. പ്രതിവര്‍ഷം മൂന്നുലക്ഷം തൊഴില്‍ദിനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രൂപരേഖ വ്യവസായവകുപ്പ് തയാറാക്കി തുടങ്ങി. വര്‍ഷത്തില്‍ നാല്പതുലക്ഷം മീറ്റര്‍ തുണി വേണമെന്നാണ് കണക്കാക്കുന്നത്.

കുട്ടികള്‍ക്ക് ഏതെല്ലാം തരം തുണികള്‍ വേണമെന്നും ഓരോന്നിനും എത്ര അളവു വേണം എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കാക്കണം.പദ്ധതിപ്രകാരം ഓരോ തൊഴിലാളിക്കും അഞ്ഞൂറു രൂപ വീതം ദിവസക്കൂലി നല്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായി തറികളെല്ലാം അറ്റകുറ്റപ്പണി നടത്തി റെഡിയാക്കാന്‍  നിര്‍ദേശം നല്കിയിട്ടുണ്ട്. സൊസൈറ്റികള്‍ ഇതിന്റെ തിരക്കിലാണ്. തറികളുടെ എണ്ണം കൂട്ടാനും നിര്‍ദേശം നല്കി. ഈ തൊഴിലില്‍നിന്നും വിട്ടുപോയവരെകൂടി പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാനാണ് തീരുമാനം. പുതിയ സംവിധാനപ്രകാരം കേരളത്തിലാകമാനമുള്ള കൈത്തറിമേഖലയ്ക്ക് പദ്ധതികൊണ്ട് ഗുണമുണ്ടാക്കുന്ന തരത്തിലാണ് ആസൂത്രണം നടക്കുന്നത്.

നിലവില്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിക്ക് ഒരു സെറ്റ് യൂണിഫോമിന് 400 രൂപ സര്‍ക്കാര്‍ പണമായി നല്കും. അമ്പതുകോടി രൂപ ഈയിനത്തില്‍ ചെലവുവരും. പുതിയ പദ്ധതിപ്രകാരം അത് 200 കോടിയെങ്കിലുമാകും. കൈത്തറിയും നൂല്‍നൂല്പും നെയ്ത്തുമായി കഴിഞ്ഞിരുന്ന ഒരു സമൂഹം തന്നെ ഈ രംഗത്തുണ്ടായിരുന്നു. തുണിനെയ്ത്ത് കുലതൊഴിലായി കണ്ടിരുന്ന മുതലിയാന്‍മാര്‍ എന്ന സമുദായത്തിനും പുതിയ ഉത്തരവ് വലിയ സന്തോഷമാണ് പകരുന്നത്.തുണിനെയ്ത്തിന്റെ പേരില്‍ മാത്രം പ്രസിദ്ധിയാര്‍ജിച്ച കൂത്താമ്പുള്ളി, പാലപ്പുറം, കരിമ്പുഴ എന്നിവിടങ്ങളില്‍ നൂറുകണക്കിന് തൊഴിലാളികള്‍ ഈ രംഗത്തുണ്ട്.

Related posts