രാജ്യത്ത് വീണ്ടുമൊരു ലോക്ഡൗണ്‍ വരുമോ ? മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാംതരംഗത്തിന് തുടക്കമായെന്ന് ആരോഗ്യമന്ത്രാലയം; കാര്യങ്ങള്‍ പിടിവിട്ടു പോയേക്കാം എന്ന് സൂചന…

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിനു തുടക്കമായെന്ന് സൂചന. കോവിഡ് നിയന്ത്രണ വിധേയമായെന്ന് ആശ്വസിച്ചിരിക്കെയാണ് മാര്‍ച്ച് മാസത്തോടെ രോഗബാധ വീണ്ടും രൂക്ഷമായത്.

ദിനംപ്രതി കാല്‍ലക്ഷത്തോളം പേര്‍ രോഗികളാകുകയും ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംസ്ഥാനമുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണ നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. അടുത്ത ആഴ്ചകളിലും മാസങ്ങളിലും ഏറ്റവും രൂക്ഷമായ സ്ഥിതിയാകും നേരിടേണ്ടി വരികയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നഗര- ഗ്രാമ മേഖലകളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നില്ല. ഇത് വന്‍തോതില്‍ രോഗവ്യാപനത്തിന് ഇടയാക്കും.

സമ്പര്‍ക്കപട്ടിക തയ്യാറാക്കല്‍, ക്വാറന്റീന്‍, കോവിഡ് വാക്സിനേഷന്‍ തുടങ്ങിയ നടപടികള്‍ കര്‍ശനമായി നടപ്പാക്കണം. രോഗവ്യാപന സാധ്യത കര്‍ശനമായി തടഞ്ഞില്ലെങ്കില്‍ അതീവഗുരുതരമായ അവസ്ഥയാകും നേരിടേണ്ടി വരികയെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി മഹാരാഷ്ട്ര സര്‍ക്കാരിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ കോവിഡ് ബാധിതരില്‍ 56 ശതമാനവും മഹാരാഷ്ട്രയിലാണ്. രോഗബാധ രൂക്ഷമായ രാജ്യത്തെ 10 ജില്ലകളില്‍ എട്ടും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 16,260 പേര്‍ക്കാണ് പുതുതായി രേഗബാധ സ്ഥിരീകരിച്ചത്.

മുംബൈയില്‍ മാത്രം 1712 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് അതീവ മാരകമായിരിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പല വിദേശ രാജ്യങ്ങളും രോഗബാധ രൂക്ഷമായതിനെത്തുടര്‍ന്ന് നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇറ്റലി ദേശവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി.

Related posts

Leave a Comment