ബംഗളൂരു: ശാരീരികവും മാനസികവുമായുള്ള പ്രഫസറുടെ ഉപദ്രവം സഹിക്കവയ്യാതെ പോലീസ് സ്റ്റേഷനിൽ പരാതിയുമായി യുവതി. ഒന്നരക്കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. ബംഗളൂരു സര്‍വകലാശാലയിലെ പ്രഫസര്‍ ബി.സി. മൈലാരപ്പയാണ് പോലീസ് പിടിയിലായത്.
സദാശിവ നഗറിലെ കര്‍ണാടക സ്റ്റേറ്റ് ഹരിജന്‍ എംപ്ലോയീസ് അസോസിയേഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് 2022-ലാണ് ഇയാളെ ആദ്യം കണ്ടുമുട്ടിയതെന്ന് യുവതി പറയുന്നു. യുവതിയെ ഉപദ്രവിച്ചതിനും കേസ് നല്കിയ ദേഷ്യത്തില്‍ വീടുകയറി ബഹളമുണ്ടാക്കിയതിനുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരിയുടെയും ബന്ധുവായ അഭിഭാഷകന്റെയും വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതോടെ ഇയാൾക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബംഗളൂരു വെസ്റ്റ് പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ എസ്. ഗിരീഷ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഭര്‍ത്താവ് മരിച്ചശേഷം സ്വത്ത് തര്‍ക്കത്തില്‍ പ്രഫസർ യുവതിയെ സഹായിച്ചിരുന്നു. പിന്നീട് കുടുംബ സുഹൃത്തായ അഭിഭാഷകനെ കുറ്റപ്പെടുത്തുന്ന രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ഇതിനു വിസമ്മതിച്ചപ്പോള്‍ പൊതുസ്ഥലത്തുവെച്ച് അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്തെന്നും യുവതി ആരോപിക്കുന്നു.
പിന്നാലെ യുവതിയെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. അശ്ലീല ശബ്ദസന്ദേശങ്ങൾ അയച്ചതായും പരാതിയിലുണ്ട്. കുട്ടികളില്ലാത്ത സമയത്ത് വീട്ടിലെത്തി വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ യുഎസിലുള്ള സഹോദരന് അപകീര്‍ത്തികരമായ കാര്യങ്ങള്‍ അയച്ചുകൊടുത്തെന്നും പരാതിയിൽ പറയുന്നു.

