വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പോകുമ്പോള്‍ പ്രധാനമന്ത്രിയെ ബഹുമാനിക്കണം ! നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി വീണ്ടും ശശി തരൂര്‍…

വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹുമാനിക്കണമെന്ന് ശശി തരൂര്‍ എംപി.ആഗോളതലത്തില്‍ നരേന്ദ്ര മോദി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണെന്നും അവിടെ അദ്ദേഹം കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നുമാണ് ശശി തരൂരിന്റെ പുതിയ വാദം.”വിദേശത്തായിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്, കാരണം അദ്ദേഹം അവിടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. പക്ഷെ അദ്ദേഹം ഇന്ത്യയിലായിരിക്കുമ്പോള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനുള്ള അവകാശം നമുക്കുണ്ട്,” ശശി തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില സംഘടനകള്‍ അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തതായി വിവരമുണ്ടായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തയെ ഉദ്ധരിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ”ഒരു പ്രതിപക്ഷ എംപി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കാനും പരാജയങ്ങളെ തുറന്ന് കാട്ടാനും എനിക്ക് അവകാശമുണ്ട്. എന്നാല്‍ വിദേശത്ത് പോകുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്, ഒപ്പം എന്റെ ദേശീയ കൊടിയും അദ്ദേഹം കൂടെ കൊണ്ടുപോകുന്നു. എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതിനാല്‍ തന്നെ അദ്ദേഹം നല്ല രീതിയില്‍ സ്വീകരിക്കപ്പെടണമെന്നും പരിഗണിക്കപ്പെടണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.” ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. മുമ്പ് നരേന്ദ്രമോദിയെ എന്തിനും ഏതിനും വിമര്‍ശിക്കുന്ന രീതി ശരിയല്ലെന്ന് തരൂര്‍ പറഞ്ഞത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു.

Related posts