നൃത്താധ്യാപികയായ ട്രാന്‍സ് വുമണ്‍ ശിഖയെ ജീവിതസഖിയാക്കി മിസ്റ്റര്‍ കേരള പ്രവീണ്‍ ! ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഇരുവരും പ്രണയത്തിലായത് ഫേസ്ബുക്ക് വഴി; തൃശ്ശൂര്‍ മാരിയമ്മന്‍ കോവിലില്‍ വച്ച് വിവാഹവും…

ട്രാന്‍സ് വുമണ്‍ ശിഖയെ ജീവിത സഖിയാക്കി മിസ്റ്റര്‍ കേരള. കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ പടിയൂര്‍ മുളങ്ങില്‍ പുഷ്‌കരന്റെ മകന്‍ പ്രവീണ്‍ (33) ആണ് ആലപ്പുഴ ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ (34)യെ വധുവായി സ്വീകരിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രവീണ്‍ ഫേസ്ബുക്കിലൂടെയാണ് ഡിവൈഎഫ്‌ഐ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം യൂണിറ്റ് പ്രസിഡന്റു കൂടിയായ ശിഖയെ പരിചയപ്പെട്ടത്. പരിചയം പ്രണയമാവുകയായിരുന്നു

സംഘടനാ പ്രവര്‍ത്തനത്തിലെ കൂടിക്കാഴ്ച്ചകളും ഫേസ്ബുക്കിലെ പരിചയവുമാണ് ഇവരുടെ വിവാഹത്തിലേക്ക് നയിച്ചത്. കഴിഞ്ഞമാസം തൃശ്ശൂര്‍ മാരിയമ്മന്‍കോവിലില്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. രണ്ടുപേരുടെയും വീട്ടുകാര്‍ വിവാഹത്തിന് പിന്തുണ നല്‍കിയതായി പ്രവീണ്‍ പറഞ്ഞു. വിവാഹം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത് പ്രവീണ്‍ തന്നെയായിരുന്നു.

പൂച്ചിന്നിപ്പാടം എംപവര്‍ ജിമ്മില്‍ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീണ്‍ ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നാണ് ഇരുവരും അറിയിച്ചത്. 2019ലെ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ കേരളയാണ് പ്രവീണ്‍. ഡിവൈഎഫ്‌ഐ പടിയൂര്‍ ചെരുന്തറ യൂണിറ്റ് അംഗം കൂടിയാണ് പ്രവീണ്‍. അടുത്തിടെ ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പങ്കെടുത്ത് ശിഖ ശ്രദ്ധ നേടിയിരുന്നു.

Related posts