തിരുവനന്തപുരം: വിവിധ പരിസ്ഥിതി ഗ്രൂപ്പുകള്‍, നിയമ വിദഗ്ധര്‍, മത്സ്യത്തൊഴിലാളി യൂണിയനുകള്‍, സിറ്റിസണ്‍ റെസ്പോണ്‍സ് ഗ്രൂപ്പ് എന്നിവരുമായി ചേര്‍ന്ന് ഗ്രീന്‍പീസ് ഇന്ത്യ എംഎസ്സി എല്‍സ 3 കപ്പല്‍ ദുരന്തത്തിന്റെ പാരിസ്ഥിതിക സാമൂഹികസാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിശദമാക്കുന്ന സമഗ്രമായ ധവളപത്രം പുറത്തിറക്കി.
തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ സംഘടനകള്‍ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മെയ് 25ന് കൊച്ചി തീരത്ത് നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ സംഭവിച്ച കപ്പല്‍ഛേതത്തിന്റെ പ്രത്യാഘാതങ്ങള്‍ ധവളപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
എംഎസ്സി എല്‍സ3 കപ്പല്‍ ദുരന്തവുമായി ബന്ധപ്പെട്ട് എംഎസ്സി ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളും കേരള മല്‍സ്യ ത്തൊഴിലാളി ഫെഡറേഷന്, ഗ്രീന്‍പീസ് ഇന്ത്യ, കോസ്റ്റല്‍ സ്റ്റുഡന്റ്സ് കള്‍ച്ചറല്‍ ഫോറം എന്നിവരുടെ നേതൃത്വത്തില്‍ ജൂലൈ 27ന് മുതലപ്പൊഴി പെരുമാതുറയില്‍ പ്രതിഷേധ സൂചകമായി സമാധാന പ്രകടനവും നടത്തി. ഇരുപതോളം ബോട്ടുകളില്‍ നടത്തിയ സമാധാനപരമായ പ്രതിഷേധത്തില്‍ മത്സ്യത്തൊഴിലാളികളുള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
ഗ്രീന്‍പീസ് ഇന്ത്യ പ്രതിനിധി ആകിസ് ഫാറൂഖ്, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജാക്സണ് പൊള്ളയില്, ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍.യൂജിന്‍ എച്ച്. പെരേര, കോസ്റ്റല്‍ സ്റ്റുഡന്റ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് രെതിന് ആന്റണി, കോസ്റ്റല്‍ വാച്ചില്‍ നിന്ന് മേഴ്സി അലക്സാണ്ടര്‍, ഗ്രീന്‍ പീസ് ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ ദിവ്യ രഘുനാഥന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.