പോയസ് ഗാര്‍ഡന് മുന്നില്‍ കച്ചവടം പൊടിപൊടിക്കുന്നു! അത്ഭുതമായി കച്ചവടക്കാരന്‍; പത്ത് മിനിറ്റ് കൊണ്ട് നേടിയത് മൂവായിരത്തഞ്ഞൂറ് രൂപ

extra-large_021117103458തമിഴ്‌നാട്ടിലെ  സംഭവവികാസങ്ങളിലേയ്ക്കാണ് ഇപ്പോള്‍ ആളുകള്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ തകിടം മറിച്ചിലുകളുടെ ഭാഗമായി ദേശീയ മാധ്യമ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരിടമാണ് ജയലളിതയുടെ സ്വകാര്യവീടായ പോയസ് ഗാര്‍ഡനിലെ വേദനിലയം. വേദനിലയത്തില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ നിരവധി പേരാണ് വാര്‍ത്തകളിലിടം പിടിച്ച സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്നത്. ശശികലയുടെ അനുയായികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിവര്‍ ഇക്കൂട്ടത്തില്‍പെടും. ഇതിനൊപ്പം ചിന്നമ്മയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന ഒപിഎസ്സ് അനുകൂലികളും പോയസ് ഗാര്‍ഡനില്‍ തമ്പടിച്ചിരിക്കുന്നു

തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ മത്സരം കടുക്കുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ഇതിന്റെ ഗുണം അനുഭവിക്കുന്നവര്‍ നിരവധിയാണ്. അക്കൂട്ടത്തില്‍ ഒരാളാണ് പോയസ് ഗാര്‍ഡന് മുന്നില്‍ വഴിയോര ലഘുഭക്ഷണ വില്‍പ്പന നടത്തുന്ന കച്ചവടക്കാരന്‍. വെറും പത്ത് മിനിറ്റിനുള്ളില്‍ 3500 രൂപയാണ് ഇയാളുടെ പോക്കറ്റിലായത്. പോയസ് ഗാര്‍ഡനിലേക്കെത്തിയ ചിന്നമ്മ അനുകൂലികളും എതിരാളികളും വഴിയോര കച്ചവടക്കാരന്റെ കസ്റ്റമറായി. സാധാരണ ദിവസങ്ങള്‍ മുഴുവന്‍ അലഞ്ഞാലും കിട്ടാത്ത കച്ചവടമാണ് നിമിഷങ്ങള്‍ കൊണ്ട് ഇദ്ദേഹത്തിന് പോയസ് ഗാര്‍ഡനില്‍ നിന്നും ലഭിച്ചത്.

നൂറുകണക്കിനു പേര്‍ ഒരേ സമയം സാധനങ്ങള്‍ വാങ്ങാന്‍ വരുമ്പോഴും വളരെ അനായാസമായാണ് ഇദ്ദേഹത്തിന്റെ കച്ചവടം. തിരക്ക് കൂടുംതോറും കൈകളുടെ വേഗവും കുടും. കസ്റ്റമര്‍ക്ക് പലഹാരങ്ങള്‍ രുചിച്ച് നോക്കി ഇഷ്ടമായാല്‍ മാത്രം വാങ്ങിയാല്‍ മതി. കണക്കുകൂട്ടലും പണം വാങ്ങലുമൊക്കെ ഒറ്റയ്ക്ക് തന്നെ. അടുത്തെങ്ങും മറ്റ് ഭക്ഷണശാലകള്‍ ഒന്നും ഇല്ലാത്തതും കച്ചവടം പൊടിപൊടിക്കാന്‍ കാരണമായിരിക്കുകയാണ്. കാലാവസ്ഥയും അനുകൂലമായി വന്നതിനാല്‍ ലോട്ടറിയടിച്ച സന്തോഷത്തിലാണ് ഇപ്പോള്‍ ഈ വഴിയോരക്കച്ചവടക്കാരന്‍. മധുരപലഹാരങ്ങളും ബിസ്‌ക്കറ്റുകളുമാണ് കൂടുതലായും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. തമിഴും ഇംഗ്ലീഷും വളരെ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവും ആളുകളെ ആകര്‍ഷിക്കാന്‍ ഇദ്ദേഹത്തിന് സഹായകമാകുന്നു.

Related posts