വെള്ളി പാദസരങ്ങൾ കവർന്നെടുക്കാൻ അന്പതുവയസുകാരിയുടെ രണ്ട് കണങ്കാലുകളും മുറിച്ചുമാറ്റി കെടുംക്രൂരത. രാജസ്ഥാനിലെ സവായ് മധോപുർ ജില്ലയിലാണ് സംഭവം.
ഊർമിള മീണയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഊർമിള രണ്ടു കിലോഗ്രാം ഭാരമുള്ള വെള്ളി പാദസരങ്ങൾ ധരിച്ചിരുന്നു. ഈ പാദസരങ്ങൾ കവരാണ് കൊലപാതകമെന്നു പോലീസ് പറയുന്നു.
ഞായറാഴ്ച രാവിലെ വിറകുവെട്ടാൻ വയലിലേക്ക് പോയതായിരുന്നു ഊർമിള. രാവിലെ 11 മണിയായിട്ടും തിരിച്ചെത്തിയില്ല. കുടുംബം അന്വേഷിച്ചിറങ്ങിയപ്പോൾ കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞു തടിച്ചുകൂടിയ നാട്ടുകാർ സ്ത്രീയുടെ മൃതദേഹം വഹിച്ചുകൊണ്ട് റോഡ് ഉപരോധിച്ചു. അന്വേഷണത്തിന് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണമെന്ന് പോലീസ് പറഞ്ഞു. അതേസമയം 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.