കഷ്ടം തന്നെ, ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്തത് സിന്ധുവിന്റെ ജാതി, റിയോയില്‍ വെള്ളി നേടിയ താരത്തിന്റെ പരിശീലകനെയും വെറുതെ വിട്ടില്ല!

sindhuഅല്ല, അവര്‍ക്ക് അറിയേണ്ടിയിരുന്നത് പി.വി. സിന്ധുവിന്റെ പ്രായമോ, നേട്ടങ്ങളോ അല്ലായിരുന്നു. അവളുടെ വിദ്യാഭ്യാസയോഗ്യതയുമായിരുന്നില്ല, ഗൂഗിളില്‍ തെരയാനെത്തിയവര്‍ക്ക് അറിയേണ്ടിയിരുന്നത് സിന്ധുവിന്റെ ജാതിയായിരുന്നു. റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടിയെങ്കിലും സിന്ധുവിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ഏറ്റവും സെര്‍ച്ച് ചെയ്തത് താരത്തിന്റെ ജാതി ഏതാണെന്നതാണ്. മെഡലിനേക്കാള്‍ രാജ്യത്തെ ചിലര്‍ക്കെങ്കിലും ജാതിയാണ് പ്രധാനമെന്ന് ഈ സംഭവം തെളിയിക്കുന്നു.

സിന്ധുവിന്റെ സ്വദേശമായ ആന്ധ്രാപ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ജാതി അന്വേഷിച്ചത് എന്നതാണ് മറ്റൊരു പ്രത്യേകത. സിന്ധുവിന്റേത് മാത്രമല്ല പരിശീലകന്‍ ഗോപീചന്ദിന്റെ ജാതി പോലും അന്വേഷിച്ചവരുടെ എണ്ണവും കുറവല്ല. ഇരുപത്തൊന്നുകാരിയായ സിന്ധു ഫൈനലില്‍ അടിപതറിയത് സ്‌പെയിനിന്റെ കരോളിന മരീനോടാണ്. വെള്ളി നേട്ടത്തില്‍ രാജ്യമെങ്ങും ആഘോഷം നടക്കുന്നതിനിടെയാണ് നാണക്കേടുണ്ടാക്കുന്ന ഈ സംഭവം.

ഒളിമ്പിക്‌സില്‍ മെഡല്‍ ഉറപ്പിച്ചത് മുതല്‍ സോഷ്യല്‍ മീഡിയ സിന്ധുവിനൊപ്പമാണ്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടതും സിന്ധുവിനെ തന്നെ. ഉസൈന്‍ ബോള്‍ട്ടിനെയും സച്ചിന്‍ തെണ്ടുല്‍ക്കറിനെയും ഒറ്റ ദിവസംകൊണ്ട് പിന്തള്ളാന്‍ സിന്ധുവിനായി.

Related posts