ആഗോള താപനത്തിന്റെ തോത് അതിവേഗം ഉയരുന്നു ! മഞ്ഞണിഞ്ഞ പര്‍വതങ്ങള്‍ അതിവേഗം ഉരുകിത്തീരുന്നു; ലോകത്തെ കാത്തിരിക്കുന്നത് എന്ത്…

മനുഷ്യ നിര്‍മിത ദുരന്തങ്ങള്‍ ഏറെയുണ്ടായിട്ടും പഠിക്കാത്ത നമുക്ക് കൂടുതല്‍ ഞെട്ടല്‍ ഉണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. മഞ്ഞു മൂടിയ പര്‍വതങ്ങളിലെ ഹിമാനികളും തണ്ണീര്‍ത്തടങ്ങളും മറ്റുമാണ് ശുദ്ധജലത്തിന്റെ പ്രധാന സ്രോതസ്സുകള്‍. മലനിരകളെ മൂടിയിരിക്കുന്ന മഞ്ഞും ഹിമാനികളും ഇങ്ങനെ ഏകദേശം 1.6 ബില്യണ്‍ ജനങ്ങള്‍ക്കാണ് തെളിനീരു നല്‍കുന്നത്. ഇത് ജനസംഖ്യയുടെ 20 ശതമാനത്തിലധികം വരും. നമ്മള്‍ കുടിക്കുന്ന വെള്ളംപോലും ചിലപ്പോള്‍ ഏതെങ്കിലും ഉയര്‍ന്ന പര്‍വത സ്രോതസ്സില്‍ നിന്നുള്ളതാകാം.

എന്നാല്‍ കാലാവസ്ഥാവ്യതിയാനം പര്‍വ്വതങ്ങളുടെ ഈ സ്വാഭാവിക പ്രക്രിയയെ വിനാശകരമായി ബാധിക്കുന്നു. ആഗോളതാപനം ഉയര്‍ന്ന പര്‍വതങ്ങള്‍ താരതമ്യേന കൂടുതല്‍ വേഗത്തില്‍ ചൂടുപിടിക്കുന്നത്തിന് കാരണമാകുന്നു. ഉദാഹരണത്തിന് ഭൂമിയുടെ മറ്റിടങ്ങളിലെ താപനില 1 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നപ്പോള്‍, ഉയര്‍ന്ന ഹിമാലയത്തിലെ താപനില ഏകദേശം 2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ചെറിയ അളവിലുള്ള താപവ്യതിയാനം പോലും പര്‍വ്വതങ്ങളിലെ ജലനിരക്കില്‍ വലിയ അളവിലുള്ള വ്യത്യാസം ഉണ്ടാക്കും.

കാലാവസ്ഥാ വ്യതിയാനം ഉയര്‍ന്ന പര്‍വതങ്ങളിലെ ഹിമാനികളുടെ വലിപ്പത്തെയും രൂപത്തെയും സാരമായി ബാധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒപ്പം വെള്ളത്തിന്റെ അളവിനെയും ഇത് ബാധിക്കും. ഇത് ചില സമയത്ത് ജലം ആവശ്യത്തില്‍ കൂടുതല്‍ ലഭിക്കാനും, ആവശ്യമുള്ള സമയത്ത് ലഭിക്കാതിരിക്കാനും കാരണമാകുന്നു. ജലക്ഷാമത്തിന് വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയും ഒരു കാരണമാണ്. വര്‍ദ്ധിച്ചുവരുന്ന ജലത്തിന്റെ ആവശ്യകതക്ക് വേണ്ടുന്ന പരിഹാരം കാണാന്‍ ഗവണ്‍മെന്റുകള്‍ ശ്രമിക്കാത്തതും, ലോകത്തിന്റെ പല ഭാഗങ്ങളിലും ജലത്തിന്റെ അവകാശങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ പിരിമുറുക്കവും പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുന്നു.

എന്നാല്‍ അടുത്തകാലത്തായി ലഡാക്കില്‍ സ്ഥാപിച്ച മഞ്ഞ് സ്തൂപങ്ങള്‍ ഇത്തരം ജലക്ഷാമത്തെ പരിഹരിക്കാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. ചൂടുകാലത്ത് ആ മഞ്ഞ് സ്തൂപങ്ങള്‍ ഉരുകാന്‍ തുടങ്ങി. അങ്ങനെ ഗ്രാമങ്ങളില്‍ ചൂടുകാലത്ത് കൃഷിക്ക് ആവശ്യമുള്ള വെള്ളം അതില്‍നിന്ന് ലഭിക്കാന്‍ തുടങ്ങി. ആയിരക്കണക്കിന് കര്‍ഷകരെയാണ് ഈ സാങ്കേതികവിദ്യ സഹായിച്ചത്. വര്‍ദ്ധിച്ചു വരുന്ന കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ ഇതുപോലുള്ള നൂതന ജലസേചന മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ കണ്ടെത്തിയേ മതിയാകൂ. അല്ലെങ്കില്‍ അത്യന്തമായ വിനാശത്തിനാകും അത് വഴിവെയ്ക്കുക.

Related posts