വിവാഹ വാര്‍ഷികത്തിന് ഭാര്യയ്ക്ക് ഏഴ് കോടിയുടെ റോള്‍സ് റോയ്‌സ് സമ്മാനിച്ച വ്യക്തി ഇപ്പോഴിതാ തന്റെ ജീവനക്കാരെയും ഞെട്ടിച്ചിരിക്കുന്നു! ഉയര്‍ച്ചയ്ക്ക് സഹായിച്ചവര്‍ക്കുള്ള സമ്മാനമെന്ന് സോഹന്‍ റോയ്

വിവാഹ വാര്‍ഷികത്തിന് ഭാര്യയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നല്‍കി വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയാണ് മലയാളി നിര്‍മാതാവും സംവിധായകനും ഏരിസ് ഗ്രൂപ്പിന്റെ മേധാവിയുമായ സോഹന്‍ റോയ്. തങ്ങളുടെ ഇരുപത്തിയഞ്ചാം വിവാവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സോഹന്‍ റോയ് ഭാര്യ അഭിനിയ്ക്ക് ഏഴ് കോടിയുടെ റോള്‍സ് റോയ്‌സ് കള്ളിനന്‍ സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും വില കൂടിയ ആഢംബര എസ്യുവി സ്വന്തമാക്കുന്ന ഇന്ത്യക്കാരി എന്ന പേരും അവര്‍ക്ക് സ്വന്തമായിരുന്നു.

സമ്മിശ്ര പ്രതികരണമാണ് വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വന്ന ഈ വാര്‍ത്തയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ചത്. കാശുള്ളവര്‍ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളട്ടെ, അസൂയപ്പെടേണ്ടതുണ്ടോ എന്ന് ഒരുകൂട്ടര്‍ ചോദിച്ചപ്പോള്‍, ചെറിയൊരു പൊട്ട് വാങ്ങിച്ചുകൊടുത്താലും എന്റെ ഭാര്യ സന്തോഷിക്കും എന്ന് വാദിച്ച് മറ്റൊരു കൂട്ടര്‍ രംഗത്തെത്തി. ഈ കാശൊക്കെ വല്ല പാവങ്ങള്‍ക്കും കൊടുത്തുകൂടെയെന്ന് ചോദിച്ചവരും ധാരാളം.

അവസാനത്തെ ചോദ്യത്തിനുള്ള ഏകദേശ ഉത്തരമാണ് തന്റെ പ്രവര്‍ത്തിയിലൂടെ ഇപ്പോള്‍ സോഹന്‍ റോയ് നല്‍കിയിരിക്കുന്നത്. സമ്മാനം നല്‍കി ഭാര്യയെ ഞെട്ടിച്ച വ്യവസായി ഇപ്പോള്‍ തന്റെ ജീവനക്കാരെയും ഞെട്ടിച്ചിരിക്കുകയാണ്. ദുബായ് ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനായ സോഹന്‍, കമ്പനിയുടെ 50 ശതമാനം ഓഹരികള്‍ സ്വന്തം ജീവനക്കാര്‍ക്ക് വീതിച്ച് നല്‍കിയിരിക്കുകയാണ്.

ഇതോടെ ശമ്പളത്തിന് പുറമേ, നല്ലൊരു ശതമാനം തുക ജീവനക്കാരുടെ അക്കൗണ്ടുകളിലെത്തും. ഏരീസ് ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ ജീവനക്കാരുടെ പങ്ക് നിസ്തുലമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു, സോഹന്‍ റോയിയുടെ ഈ പ്രഖ്യാപനം.

ഇതാദ്യമായല്ല, സോഹന്‍ റോയ് ജീവനക്കാര്‍ക്കായി ഇത്തരം വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. കമ്പനിയുടെ കഴിഞ്ഞ വാര്‍ഷികത്തോടനുബന്ധിച്ച്, 15 കോടി വിലമതിക്കുന്ന ഷെയറുകളാണ് മുതിര്‍ന്ന ജീവനക്കാര്‍ക്കായി നല്‍കിയത്. ഇതു കൂടാതെ മറ്റ് ജീവനക്കാര്‍ക്കും കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്ഡത്തിക്കുന്നവര്‍ക്കും നിരവധി സമ്മാനങ്ങള്‍ നല്‍കിയിരുന്നു.

ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് ഉള്‍പ്പടെ പെന്‍ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനം കൂടിയാണ് ഏരീസ് ഗ്രൂപ്പ്. സ്റ്റാഫ് റിട്ടയേര്‍മെന്റും, പെന്‍ഷന്‍ സംവിധാനവും ഉള്ള മിഡില്‍ ഈസ്റ്റിലെ ഏക കമ്പനി. 15 രാജ്യങ്ങളിലായി 48 അന്താരാഷ്ട്ര കമ്പനികളുള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നാണ്.

ആഗോളതലത്തില്‍ 1600 ജീവനക്കാരുള്ള ഏരീസ് ഗ്രൂപ്പിന് ഇന്ത്യയില്‍ മാത്രം നാനൂറോളം പേരുണ്ട്. വിദഗ്ധരും, നൂതന പ്രവണതകളെ അടുത്തറിയുകയും ചെയ്യുന്ന എന്‍ജിനീയര്‍മാരും ടെക്നീഷ്യന്മാരും ഉള്‍പ്പെടുന്ന ഒരു സംഘം ജീവനക്കാരാണ് കമ്പനിയുടെ സാങ്കേതിക സേവനം മികവുറ്റതാക്കുന്നത്. മാധ്യമം, മെഡിക്കല്‍ ടൂറിസം, സിനിമ മേഖലകളിലും ഏരീസ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.

കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി (സി.എസ്.ആര്‍ ഫണ്ട് )നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളും സോഹന്‍ റോയ് ഏരീസിലൂടെ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട് . ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിച്ച ജലം, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ തുടങ്ങിയ ചിത്രങ്ങളുടെ വരുമാനം പൂര്‍ണ്ണമായും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയുണ്ടായി. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മാത്രമായി നിര്‍മ്മിച്ച ലോകത്തിലെ ആദ്യ ചിത്രമെന്ന ബഹുമതിയും ‘ജലം’ ത്തിനുണ്ട്.

2015ല്‍ ചെന്നെയിലുണ്ടായ മഹാപ്രളയത്തിലും, നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തിലും സഹായഹസ്തവുമായി ഏരീസ് ഗ്രൂപ്പ് മുന്നിട്ടിറങ്ങിയിരുന്നു. നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു പുറമേ, 200 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. ചെന്നെയില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം ജീവനക്കാരുടെ രണ്ട് സംഘങ്ങളെയാണ് നിയോഗിച്ചത്. ഇതിനു പുറമേ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത ആരോഗ്യപരിരക്ഷയും, പെന്‍ഷനും നല്‍കുന്ന പദ്ധതിയ്ക്കും സോഹന്‍ റോയ് രൂപം നല്‍കിയിട്ടുണ്ട്. (ഇന്‍ഡിവുഡ് അക്രഡിറ്റേഷന്‍)

1998ലാണ് ഏരീസ് ഗ്രൂപ്പിന്റെ മുഖമുദ്രയായ ഏരീസ് മറൈന്‍ സോഹന്‍ റോയ് സ്ഥാപിക്കുന്നത്. ഇന്ന് മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ ഷിപ് ഡിസൈന്‍- കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് ഏരീസ് മറൈന്‍. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇന്ത്യ, ദുബായ്, അബുദാബി, ഖത്തര്‍, ബഹ്റൈന്‍, ചൈന, യുഎസ്എ, അസര്‍ബൈജാന്‍, സൗദി അറേബ്യ, മലേഷ്യ, ഒമാന്‍, സിങ്കപ്പൂര്‍, കുവൈത്ത്, യൂറോപ്പ് എന്നിവിടങ്ങളില്‍ ഉള്‍പ്പടെ ശാഖകളുണ്ട്.

ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റ് പുറത്തിറക്കിയ മിഡില്‍ ഈസ്റ്റ് 2017 പട്ടികയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ആദ്യ അന്‍പത് ഇന്ത്യക്കാരില്‍ ഇടം പിടിച്ച വ്യവസായിയാണ് സോഹന്‍ റോയ്. ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാവായും (2016) അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. 15 രാജ്യങ്ങളിലായി 48 അന്താരാഷ്ട്ര കമ്പനികളുള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നാണ്.

ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ഇന്‍ഡിവുഡിന് നേതൃത്വം നല്‍കുന്നതും സോഹന്‍ റോയ് ആണ്. 2000 ഇന്ത്യന്‍ ശതകോടീശ്വരന്‍മാരും കോര്‍പ്പറേറ്റുകളും നയിക്കുന്ന കണ്‍സോര്‍ഷ്യമായ ഇന്‍ഡിവുഡ് 10 ബില്യണ്‍ യുഎസ് ഡോളര്‍ സംരംഭമാണ്. 10,000 4കെ മള്‍ട്ടിപ്ലെക്സ് സ്‌ക്രീനുകള്‍, ഒരു ലക്ഷം 4 കെ/2 കെ അറ്റ്മോസ് ഹോം തിയേറ്ററുകള്‍, അന്താരാഷ്ട്ര നിലവാരമുള്ള ഫിലിം/അനിമേഷന്‍ സ്റ്റുഡിയോകള്‍, തുടങ്ങിയ പദ്ധതികളാണ് ഇന്‍ഡിവുഡ് വിഭാവനം ചെയ്യുന്നത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ ആര്‍ട്സ് ആന്റ് സയന്‍സസ് (ഐ എ ടി എ എസ്) അംഗമാണ് സോഹന്‍ റോയ്. മറൈന്‍, മെഡിക്കല്‍, സിനിമ മേഖലകളിലെ അദ്ദേഹത്തിന്റെ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് ഐ എ ടി എ എസ് അംഗത്വം നല്‍കിയത്. സിസിസിഐ (കോസ്മോപോളിറ്റന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്റസ്ട്രീസ്) യുടെ അന്താരാഷ്ട്ര ഉപദേശക ബോര്‍ഡ് അംഗം കൂടിയാണ് അദ്ദേഹം. ഇന്റര്‍നാഷണല്‍ മാരിടൈം ക്ലബ് പ്രസിഡന്റ് പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്.

1967ല്‍ പുനലൂരിലാണ് സോഹന്‍ റോയ് ജനിച്ചത്. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് നേവല്‍ ആര്‍കിടെക്ചറില്‍ ബിരുദം നേടിയ സോഹന്‍ മര്‍ച്ചന്റ് നേവിയില്‍ എന്‍ജിനീയറായാണ് കരിയറിന് തുടക്കമിട്ടത്. നാവികസേനയില്‍ ചേരുന്ന ആദ്യത്തെ നേവല്‍ ആര്‍കിടെക്ടായിരുന്നു അദ്ദേഹം. 1992ല്‍ യുഎഇയിലെത്തി മറൈന്‍ സര്‍വെയറായി ജോലി ചെയ്തതിനു ശേഷമാണ് സ്വന്തമായി ഒരു വ്യവസായ സംരംഭം എന്ന സ്വപ്നം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കിയത്

Related posts