സവാള കൃഷി ചെയ്യാനറിയാമെങ്കില്‍ ദക്ഷിണ കൊറിയയിലേക്കു വരൂ ! ശമ്പളം കണ്ടു കണ്ണുതള്ളിയ മലയാളികളുടെ തള്ളിക്കയറ്റത്തില്‍ സൈറ്റ് പണിമുടക്കി…

ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികളുണ്ടെന്ന് പറയാറുണ്ട്. എന്തു ജോലിയും ചെയ്യുന്നവരാണ് മലയാളികളെങ്കിലും കൃഷിയെ അത്രയ്ക്ക് സ്‌നേഹിക്കുന്നവരല്ല നമ്മുടെ നാട്ടുകാര്‍.

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് മലയാളികളുടെ ഒരു കൃഷിപ്രേമത്തിന്റെ കഥയാണ്. ദക്ഷിണ കൊറിയയില്‍ കൃഷി ചെയ്യാനുള്ള മലയാളികളുടെ തള്ളിക്കയറ്റം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ അപേക്ഷിക്കേണ്ട സൈറ്റ് വരെ പണിമുടക്കി. മലയാളികള്‍ എന്തിനാണ് കൊറിയയിലോട്ട് പോകുന്നത് എന്നല്ലെ ഇപ്പോള്‍ ചിന്തിക്കുന്നത്.

കാരണം മറ്റൊന്നുമല്ല. ജോലിയുടെ ശമ്പളം തന്നെ. മാസം ഒരുലക്ഷം രൂപയാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ കൃഷി ജോലികളിലേക്ക് 22നാണ് ഒഡെപെക് അപേക്ഷ ക്ഷണിച്ചത്.

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരമെന്നും ഒരു ലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

കൊറിയയുടെ ചേംബര്‍ ഒഫ് കൊമേഴ്സുമായി ചേര്‍ന്ന് നടത്തുന്ന നിയമനത്തിന് വേണ്ടി 1000 പേരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ 100 പേര്‍ക്ക് വരെ അവസരം ലഭിക്കും.

ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന് പങ്കാളിത്തമുള്ള കാര്‍ഷിക പദ്ധതിയിലേക്കുള്ള നിയമനത്തില്‍ പ്രധാനമായും സവാള കൃഷിയായിരിക്കും ചെയ്യുക. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

കരാര്‍ പിന്നീട് മൂന്ന് വര്‍ഷം വരെ ദീര്‍ഘിപ്പിച്ചേക്കും. ഇംഗ്ളീഷ് അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. 1000 മുതല്‍ 1500 അമേരിക്കന്‍ ഡോളര്‍ വരെയാണ് ശമ്പളം.

ഇത് ഏകദേശം 75000 മുതല്‍ 1,12,000 രൂപ വരെ വരും. താമസസ്ഥലം പ്രത്യേകം നോക്കേണ്ടി വരുമെങ്കിലും ജോലി സമയത്തെ ഭക്ഷണം കമ്പനി നല്‍കും.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ജോലി സമയം. മാസം 28 ദിവസം ജോലി ഉണ്ടാകും.

അറിയിപ്പ് പുറത്ത് വന്നതോടെയാണ് മലയാളികള്‍ കൂട്ടത്തോടെ അപേക്ഷിക്കാന്‍ ആരംഭിച്ചത്.തിരക്കുമൂലം ഒഡെപെക് വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

അപേക്ഷകരുടെ എണ്ണം കൂടിയതിനാല്‍ പുതിയ അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഒഡെപെക്കിലെ ഫോണുകള്‍ക്കും വിശ്രമമുണ്ടായില്ല.

‘നന്നായി കൃഷി ചെയ്തോളാം സാര്‍… കോവിഡ് കാരണം ജീവിതം വന്‍ പ്രതിസന്ധിയിലാണ്. പരിഗണിക്കണം’ എന്നു ഫോണില്‍ ജോലി തേടിയവരും ഏറെ.

എന്നാല്‍, ഒഡെപെക് റിക്രൂട്ടിങ് ഏജന്‍സി മാത്രമാണെന്നും നിയമനം നല്‍കുന്നതു കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ കൊറിയയിലെ ജീവിത സാഹചര്യം, കൃഷിരീതി, ജീവിതച്ചെലവ്, സംസ്‌കാരം തുടങ്ങിയവയെല്ലാം സംബന്ധിച്ച് അപേക്ഷകരെ ബോധവല്‍ക്കരിക്കാന്‍ 27ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളിലും സെമിനാര്‍ നടത്തും.

‘ഇതാദ്യമായാണ് ഒഡെപെക് ദക്ഷിണ കൊറിയയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. ആദ്യ ബാച്ചിന്റെ തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കിയാല്‍, മറ്റു വിദേശരാജ്യങ്ങളിലെ കാര്‍ഷിക ജോലികളും മലയാളികളിലേക്കെത്തിക്കാന്‍ ഒഡെപെക് ശ്രമം നടത്തും.’ ഒഡെപെക് എംഡി കെ.എ.അനൂപ് പറഞ്ഞു

Related posts

Leave a Comment