ജന്മദിനത്തില്‍ ശ്രീദേവിയെ അനുസ്മരിച്ച് ഗൂഗിള്‍; ഡൂഡിലായി വിരിഞ്ഞത് ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ

അന്തരിച്ച നടി ശ്രീദേവിയുടെ അറുപതാം ജന്മദിനത്തിൽ അനുസ്മരണവുമായി ഗൂഗിള്‍. ശ്രീദേവിയുടെ ജന്മദിനമായ ഇന്ന്, ഗൂഗിൾ അവരുടെ  ഹോംപേജിൽ ഡൂഡിലായി ശ്രീദേവിയുടെ മുഖമാണ് നൽകിയിരിക്കുന്നത്.

ഭൂമിക മുഖര്‍ജി എന്ന കലാകാരിയുടെ കൈകളാണ് ഈ ചിത്രം സമ്മാനിച്ചത്. തന്‍റെ നാലാം വയസില്‍ ‘കന്ദൻ കരുണൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ ശ്രീദേവി അരങ്ങേറ്റം കുറിക്കുന്നത്.

ഏകദേശം നാല് പതിറ്റാണ്ടുകളോളം നീണ്ടുനില്‍ക്കുന്ന സിനിമാ ജീവിതമായിരുന്നു ശ്രീദേവിയുടെത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ മികച്ച കഥാപാത്രങ്ങൾക്ക്  അവര്‍ ജീവൻ നൽകി.

പുരുഷ കഥാപാത്രങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന തട്ടകത്തിലേക്ക് അത്രേയും നാള്‍ നിലനിന്നിരുന്ന പതിവുകളെല്ലാം തെറ്റിച്ച് ഒറ്റയ്ക്ക് ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ സൃഷ്ടിച്ച നടിയായിരുന്നു ശ്രീദേവി.

ശ്രീദേവിയുടെ വരവോടെ പുതിയൊരു മാറ്റമാണ് ബോളിവുഡിന് സംഭവിച്ചത്. ഇന്ത്യന്‍ സിനിമയില്‍ തന്‍റെ ശക്തമായ കഥാപാത്രങ്ങൾക്കൊണ്ട് ശ്രീദേവി തന്‍റെ പേര് കുറിച്ചിട്ടു. 

അതുവരെ കണ്ടുവന്നതില്‍ നിന്നും വ്യത്യസ്തമായി സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകൾ വന്നതും  ശ്രീദേവിയുടെ വരവോടെയാണ്. ഒരിടവേളയെടുത്ത് തിരികെ വന്നപ്പോഴും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് ശ്രീദേവിയെ സ്വീകരിച്ചതും. 

Related posts

Leave a Comment