മലയാളികളുടെ സ്വന്തം ശ്രീശാന്ത് വീണ്ടും പന്തെറിയാനെത്തുന്നു, അതും ഇതിഹാസതാരം മിസ്ബ ഉള്‍ ഹഖിനെതിരായ ടീമിനെതിരേ, ശ്രീയുടെ ടീമിന്റെ നായകന്‍ ഇര്‍ഫാന്‍ പത്താനും! തിരിച്ചുവരവിന് കളമൊരുക്കുന്നത് ബഹറിന്‍ ക്രിക്കറ്റ് ഫെസ്റ്റിവല്‍

neww sreeeഎം.ജി.എസ്‌
ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബിസിസിഐയുടെ വിലക്കു നേരിട്ടിരുന്ന മലയാളി ക്രിക്കറ്റര്‍ എസ്. ശ്രീശാന്ത് വീണ്ടും കളത്തിലേക്ക്. വര്‍ഷങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര താരങ്ങള്‍ക്കെതിരേ പന്തെറിയാനുള്ള തയാറെടുപ്പിലാണ് ശ്രീ. ഈ മാസം 19ന്് ബഹറിനിലാണ് മത്സരം. പാക് ടെസ്റ്റ് നായകന്‍ മിസ്ബാ ഉള്‍ ഹഖും ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ നയിക്കുന്ന ടീമുകള്‍ പങ്കെടുക്കുന്ന ബഹറിന്‍ ക്രിക്കറ്റ് ഫെസ്റ്റിവലാണ് ശ്രീയുടെ തിരിച്ചുവരവ്. ബഹറിന്‍ അന്താരാഷ് ട്ര സ്റ്റേഡിയത്തിലാണ് ട്വന്റി-20 ഫോര്‍മാറ്റിലുള്ള മത്സരം. കോടതി കുറ്റവിമുക്തനാക്കിയശേഷം ആദ്യമായാണ് ശ്രീശാന്ത് സജീവക്രിക്കറ്റിലേക്ക് മടങ്ങിയത്. നേരത്തെ സ്‌കോട്ട്‌ലന്‍ഡ് ലീഗില്‍ കളിക്കാന്‍ കരാറായിരുന്നെങ്കിലും ബിസിസിഐ അനുമതി നല്കയിരുന്നില്ല.

ബഹറിന്‍ സ്‌പോര്‍ട്‌സ് യുവജനക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരത്തില്‍ നിരവധി അന്താരാഷ്ട്ര താരങ്ങളും പാഡണിയുന്നുണ്ട്. പാക്കിസ്ഥാന്‍ വെടിക്കെട്ട് താരം ഷാഹിദ് അഫ്രീദി, ശ്രീലങ്കന്‍ താരം തിലകരത്‌ന ദില്‍ഷാന്‍, വിന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സ്, അബ്ദുള്‍ റസാഖ്, സൊഹൈല്‍ തന്‍വീര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. പത്താനാണ് ശ്രീശാന്തിന്റെ ടീമിനെ നയിക്കുന്നതെങ്കിലും ബിസിസിഐ താരത്തിന്റെ പങ്കാളിത്തം തടഞ്ഞേക്കുമെന്ന സൂചനകളുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി (ഐസിസി) ബന്ധമില്ലാത്ത ടൂര്‍ണമെന്റായതിനാല്‍ മറ്റു താരങ്ങളെ വിലക്കാന്‍ ബിസിസിഐക്കോ ഐസിസിക്കോ സാധിക്കില്ല. ശ്രീശാന്തിന്റെ പങ്കാളിത്തം ടൂര്‍ണമെന്റിലുണ്ടാകുമെന്നാണ് അദേഹവുമായി അടുത്ത വൃത്തങ്ങള്‍ രാഷ്ട്രദീപികഡോട്ട്‌കോമിനോട് വെളിപ്പെടുത്തിയത്. 18300803_1475767122455375_9097779565381630554_n

2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില  എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മലയാളിയായ ശ്രീശാന്ത് 27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്. പത്ത് ടിട്വന്റിയില്‍ നിന്ന് ഏഴു വിക്കറ്റ് നേടിയ ശ്രീശാന്തിന്റെ ക്യാച്ചിലാണ് ഇന്ത്യ 2007 ടിട്വന്റി ലോകകപ്പ് കിരീടം നേടിയത്.

Related posts