ആറ്റുകാല്‍ പൊങ്കാലയുടെ പേരു പറഞ്ഞ് സെക്രട്ടറിയേറ്റിന്റെ മുമ്പിലെ സമരപ്പന്തലുകള്‍ പൊളിച്ചു മാറ്റി ! രാത്രിയ്ക്കു രാത്രി വന്ന് പന്തല്‍ പൊളിച്ചിട്ടും സമരം തുടര്‍ന്ന് ശ്രീജിത്ത്; പ്രതിഷേധം ശക്തമാവുന്നു…

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുമ്പിലെ സമരപ്പന്തലുകള്‍ മുഴുവന്‍ രാത്രിയ്ക്കു രാത്രി പൊളിച്ചു മാറ്റി. നഗരസഭയുടെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെയാണ് പൊളിച്ചുമാറ്റിയത്. തിങ്കളാഴ്ച അര്‍ധരാത്രി 11.30ഓടെയാണ് പോലീസ് എത്തിയത്. പിന്നീട് ഒരു മണിക്കൂര്‍ കൊണ്ട് സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റി. ബുധനാഴ്ച നടക്കാനിരിക്കുന്ന ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് അധികൃതര്‍ പന്തലുകള്‍ പൊളിച്ചുമാറ്റിയത്. നടപ്പാത കൈയ്യേറി നിര്‍മ്മിച്ചിട്ടുള്ള നടപ്പാതകളാണ് പൊളിച്ചുമാറ്റുന്നതെന്നാണ് നഗരസഭ അവകാശപ്പെടുന്നത്.

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ നടത്തുന്നവരുടെ പന്തലുകള്‍ അടക്കം നിരവധി പന്തലുകളാണ് പോലീസ് പൊളിച്ചു നീക്കിയത്. നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തി നിരവധിയാളുകള്‍ മുന്നോട്ട് വന്നെങ്കിലും ഫലം കണ്ടില്ല. സഹോദരന്റെ മരണത്തില്‍ കുറ്റക്കാരനെ കണ്ടെത്തണമെന്ന് രണ്ട് വര്‍ഷമായി സമരം നടത്തുന്ന ശ്രീജിത്ത് സമരപ്പന്തല്‍ പൊളിച്ചിട്ടും പാതയോരത്ത് സമരം തുടരുകയാണ്. സമരപ്പന്തലുകള്‍ മാറ്റിയപ്പോഴുണ്ടായ വസ്തുക്കള്‍ ലോറികളില്‍ ഇവിടെ നിന്നും മാറ്റി. അടുപ്പുകളും, കസേരകളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മദ്യകുപ്പികളും അടക്കം ആറ്ലോഡ് വസ്തുക്കളാണ് ഇവിടെ നിന്നും മാറ്റിയത്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാവുകയാണ്.

Related posts