സൂറിച്ച്: അടുത്ത വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പ്രഥമ ലോക അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പിലെ സ്റ്റാര്‍ അത്ലറ്റായി സ്വീഡിഷ് പോള്‍വോള്‍ട്ടര്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിനെ പ്രഖ്യാപിച്ചു. വേള്‍ഡ് അത്ലറ്റിക്സാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുക. 16 ട്രാക്ക്, 10 ഫീല്‍ഡ് എന്നിങ്ങനെ 26 വ്യക്തിഗത ഇനങ്ങളും 4×100 മിക്സഡ് റിലേ ഉള്‍പ്പെടെ രണ്ട് റിലേ പോരാട്ടങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറും. വേള്‍ഡ് അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അംബാസഡര്‍ റോളും ഡുപ്ലാന്റിസിനാണ്.
2026 സെപ്റ്റംബറില്‍ ബുഡാപെസ്റ്റില്‍ അരങ്ങേറാനിരിക്കുന്ന പ്രഥമ വേള്‍ഡ് അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 10 മില്യണ്‍ ഡോളര്‍ (87.45 കോടി രൂപ) സമ്മാനത്തുകയായി വിതരണം ചെയ്യും. 1.5 ലക്ഷം ഡോളറാണ് (1.31 കോടി രൂപ) ഓരോ ഇനത്തിലെയും സ്വര്‍ണ മെഡല്‍ ജേതാവിനുള്ള സമ്മാനത്തുക.
ബുഡാപെസ്റ്റില്‍ ചൊവ്വാഴ്ച നടന്ന ഗ്യൂലയ് ഇസ്ത്വാന് മെമ്മോറിയല്‍ ഹംഗേറിയന്‍ അത്ലറ്റിക്സ് ഗ്രാന്‍ഡ്പ്രീയില്‍ പുരുഷ പോള്‍വോള്‍ട്ടില്‍ പുതിയ ലോക റിക്കാര്‍ഡോടെ (6.29 മീറ്റര്‍) ഡുപ്ലാന്റിസ് സ്വര്‍ണം സ്വന്തമാക്കിയിരുന്നു. 13-ാം തവണയാണ് 25കാരനായ ഡുപ്ലാന്റിസ് പോള്‍വോള്‍ട്ടില്‍ ലോകറിക്കാര്‍ഡ് തിരുത്തുന്നത്.