ബഷീറിന്റെ കടയില്‍ പണമില്ലെന്നു കരുതി ഭക്ഷണം കഴിക്കാതിരിക്കേണ്ടാ, പണമില്ലാത്തവര്‍ക്കും ഭക്ഷണം നല്കി ഒരു മട്ടാഞ്ചേരിക്കാരന്റെ ചായക്കട, അറിയാം ഈ നന്മ

നിങ്ങള്‍ കൊച്ചി തോപ്പുംപടിയിലൂടെ വിശന്ന് അലയുകയാണേ; കൈയില്‍ ഒരു നാണയത്തുട്ടു പോലും ഇല്ലാതെ. എങ്കില്‍ നേരെ ബഷീറിന്റെ കടയിലേക്ക് പൊയ്‌ക്കോളൂ. വയറ് നിറയെ ഭക്ഷണം കഴിക്കാം. പൈസ ഇല്ലാതെ തന്നെ.

ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്നവര്‍ക്ക് തന്റെ കടയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ് തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ ഹോട്ടല്‍ നടത്തുന്ന ബഷീര്‍. പണമില്ലാതെ ബഷീറിന്റെ കടയില്‍ ദിവസേന പലരും വരാറുണ്ട്.

വിശന്നു വരുന്നവരെ മനസറിഞ്ഞ് ഭക്ഷണം നല്‍കി പറഞ്ഞയക്കാറാണ് പതിവ്. എന്നാല്‍ പണമില്ലാത്തതിനാല്‍ അത് പറയാനാകാതെ വിശപ്പടക്കി പോകുന്ന പലരേയും ബഷീര്‍ കണ്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ബഷീര്‍ തന്റെ കടയുടെ മുന്നില്‍ ഒരു ബോര്‍ഡും തൂക്കി.

പണമില്ലാത്തതിനാല്‍ വിഷമിക്കേണ്ട തന്റെ കടയില്‍ സൗജന്യമായി ഭക്ഷണം നല്‍കുമെന്നായിരുന്നു ആ ബോര്‍ഡ്. തോപ്പുംപടി പൊലൊരു തിരക്കേറിയ സ്ഥലത്ത് പല ദിക്കുകളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്. ഇവിടെയെത്തുന്ന ആരും പണത്തിന്റെ പേരില്‍ വിശപ്പ് സഹിക്കേണ്ട അവസ്ഥയുണ്ടാകരുതെന്ന് ബഷീര്‍ പറയുന്നു.

ദോശ വിഭാഗങ്ങളാണ് ബഷീറിന്റെ കടയില്‍ ലഭിക്കുക. വൈകിട്ട് മൂന്നിന് തുറന്നാല്‍ പത്ത് മണി വരെ കട പ്രവര്‍ത്തിക്കും. യൂത്ത് കോണ്‍ഗ്രസ് ഫോര്‍ട്ട്കൊച്ചി സൗത്ത് മണ്ഡലം പ്രസിഡണ്ട് കൂടിയായ ബഷീര്‍ പൊതുരംഗത്തും സജീവമാണ്. വിശപ്പിന്റെ വില നന്നായി മനസ്സിലാക്കിയയാളാണ് താനെന്നും ബഷീര്‍ പറഞ്ഞു.

Related posts