കൊച്ചുകുട്ടികളെ പറഞ്ഞു പറ്റിച്ച് സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങും ! തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ മാതാപിതാക്കളെ ഭീതിയിലാഴ്ത്തി അജ്ഞാത സ്ത്രീ; സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവരെ പിടികൂടാന്‍ പോലീസ്…

കാട്ടാക്കട: അജ്ഞാത സ്ത്രീയുടെ വിളയാട്ടത്തില്‍ ഭീതിപൂണ്ട് തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍. അജ്ഞാത സ്ത്രീ മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങിയ ശേഷം സ്ഥലം വിട്ടു. അതും സ്‌കൂള്‍ പ്രവൃത്തി സമയത്ത് ! പൂവച്ചലിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഏവരേയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മാത്രമല്ല സമാനമായ രീതിയില്‍ തട്ടിപ്പ് നടത്താന്‍ വീരണകാവിലുള്ള ഒരു സ്‌കൂളില്‍ ഇതേ സ്ത്രീ എത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയുമുണ്ടായി. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം.

പ്രവൃത്തി സമയം പൂവച്ചലിലെ സ്‌കൂള്‍ പരിസരത്ത് കടന്ന സ്ത്രീ തന്നെ അമ്മ പറഞ്ഞയച്ചതാണെന്ന് വിദ്യാര്‍ത്ഥിനിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കമ്മല്‍ ഊരിവാങ്ങുകയായിരുന്നു. സ്‌കൂള്‍ വിട്ട് കുട്ടി വീട്ടിലെത്തിയപ്പോഴാണ് സത്യം പുറത്ത് വരുന്നത്. അമ്മ അടുത്തുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്നും തന്നെ പറഞ്ഞയച്ചതാണെന്നും പണയം വെക്കാന്‍ കമ്മല്‍ തരണമെന്നുമാണ് സ്ത്രീ കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാല്‍ സംഭവം അദ്ധ്യാപകരുടെ ശ്രദ്ധയിലും പതിഞ്ഞില്ല.

കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനു പിന്നാലെ സ്‌കൂള്‍ അധികൃതര്‍ ഇന്നലെ കാട്ടാക്കട പോലീസിനെ സമീപിച്ചിരുന്നു. സ്‌കൂളിലെ സിസിടിവിയില്‍ 10.36നു സ്‌കൂളിലേക്കു ചുവന്ന സാരി ധരിച്ച സ്ത്രീ പ്രവേശിക്കുന്നതും 11.15നു സ്‌കൂളില്‍നിന്നു പുറത്തേക്കു പോകുന്നന്നതിന്റെയും ദൃശ്യം പൊലീസിനു ലഭിച്ചു. കൂറ്റന്‍ മതിലും സുരക്ഷാ ജീവനക്കാരനുമൊക്കെയുള്ള സ്‌കൂളില്‍ പുറത്തുനിന്നൊരാള്‍ പ്രവേശിച്ചു കുട്ടിയോട് ഇടപഴകിയത് ആരുടെയും ശ്രദ്ധയില്‍പെടാത്തതു രക്ഷിതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

പ്രധാന റോഡിന്റെ ഓരത്തു സ്ഥിതിചെയ്യുന്ന സ്‌കൂളാണു പൂവച്ചല്‍ യുപിഎസ്. വീരണകാവ് സ്‌കൂളില്‍ രാവിലെ ഒമ്പതോടെയാണ് സമാനസംഭവം നടന്നത്. ഇവിടെ സ്‌കൂളിനു പുറത്തു വച്ചാണ് കുട്ടിയുടെ കമ്മല്‍ ഊരിവാങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍, കുട്ടി ബഹളം വച്ചതോടെ ഇവിടെനിന്ന് ഇവര്‍ മുങ്ങി. പിന്നീടാണ് പൂവച്ചലിലെത്തിയതെന്നു കരുതുന്നു. ഇവര്‍ തലസ്ഥാനത്ത് മറ്റെവിടെങ്കിലും സമാനമായ തട്ടിപ്പിന് ശ്രമിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related posts