കോട്ടയം: സുമതി വളവ് എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാള സിനിമയിലേക്ക് പാലായില്‍ നിന്ന് ഒരു താരംകൂടി.മേവട പന്തത്തല സ്വദേശിനിയും പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ കൃഷ്ണപ്രിയ എസ്. നായരാണ് പുത്തന്‍ താരോദയം.
സ്കൂള്‍തലം മുതലേ നൃത്തത്തില്‍ പ്രാഗല്ഭ്യം തെളിയിച്ച കൃഷ്ണപ്രിയ ക്ലാസിക്കല്‍ ഡാന്‍സറാണ്. സിബിഎസ്ഇ കലോത്സവത്തില്‍ സംസ്ഥാനതല വിജയിയുമാണ്. മാളികപ്പുറം എന്ന സിനിമയിൽ ദേവനന്ദ അഭിനയിച്ച ഒരു സീന്‍ റിക്രിയേഷന്‍ റീലായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
പാലായിലെ ഫോട്ടോഗ്രഫറായ ബാലു മുരളി ഷൂട്ട് ചെയ്ത ഈ റീല്‍ ഇതിനോടകം 93 ലക്ഷം ആളുകള്‍ കാണുകയും വൈറലാകുകയും ചെയ്തതോടെ സുമതി വളവിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള കൃഷ്ണപ്രിയയെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.
മാളികപ്പുറം ടീമിന്റെ സിനിമയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സുമതി വളവ്. സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൃഷ്ണപ്രിയയുടെ വിളിപ്പേരായ ശ്രീക്കുട്ടി എന്നുതന്നെയാണ്.
പാലാ പോളിടെക്നിക്കിലെ അധ്യാപകനായ മേവട മയൂരം വീട്ടില്‍ ശ്യാം രാജിന്റെയും നിര്‍മല നൃത്തവിദ്യാലയം ഡയറക്ടര്‍ വി.എസ്. ചിത്രയുടെയും മകളാണ് കൃഷ്ണപ്രിയ. സഹോദരി സിദ്ധിലക്ഷ്മി. സുമതി വളവ് സിനിമ ടീം ഇന്നലെ പാലാ, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ തിയറ്ററുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
- ജിബിൻ കുര്യൻ