ഫ്ളോറിഡ: 287 ദിവസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇവർക്കൊപ്പം അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബനേവ് എന്നീ ബഹിരാകാശ സഞ്ചാരികളും ഭൂമിയിലേക്കു മടങ്ങുന്നുണ്ട്.
ഇന്ത്യൻ സമയം രാവിലെ 10.35നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് സ്പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകം ഇവരുമായി ഭൂമിയിലേക്കു തിരിച്ചത്. 17 മണിക്കൂറിനുശേഷം നാളെ പുലർച്ചെ 3.27 ഓടെ (അമേരിക്കൻ സമയം ഇന്നു വൈകുന്നേരം 5.57) ഫ്ലോറിഡയുടെ തീരത്തോട് ചേർന്നു കടലിൽ ഡ്രാഗൺ പേടകം ഇറങ്ങും. ബഹിരാകാശത്ത് ഒന്നിലേറെ റിക്കാർഡുകൾ ഭേദിച്ചാണു സുനിതയുടെ മടക്കം.
ഡ്രാഗൺ പേടകം ഞായറാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചത്. ഡ്രാഗൺ പേടകത്തിൽ സ്റ്റേഷനിലെത്തിയ അമേരിക്കയുടെ ആനി മക് ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിൾ പെസ്കോവ് എന്നീ ബഹിരാകാശ സഞ്ചാരികളെ സുനിത വില്യംസും സംഘവും സ്വീകരിച്ചു.
കഴിഞ്ഞ വർഷം ജൂണിലാണ് സുനിത വില്യംസ് അടങ്ങുന്ന സംഘം ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തേക്കു പോയത്. പത്തു ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ യാത്ര പോയ സംഘത്തിന്റെ മടക്കം പേടകത്തിലെ സാങ്കേതിക തകരാർ മൂലം നീണ്ടുപോകുകയായിരുന്നു.
പലതവണ ഇരുവരെയും മടക്കിക്കൊണ്ടുവരാൻ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോർച്ച, ത്രസ്റ്റർ തകരാർ, സ്റ്റാർലൈനറിന്റെ അപകടസാധ്യത എന്നിവ മുന്നിൽക്കണ്ട് മടക്കയാത്ര നീട്ടിവച്ചു. ഒടുവിൽ സാങ്കേതികതകരാർ പരിഹരിച്ച് സ്റ്റാർലൈനർ പേടകം തനിയെ ഭൂമിയിലെത്തിച്ചിരുന്നു.