സാക്ഷാല്‍ ബില്‍ ഗേറ്റ്‌സിന്റെ റോള്‍ മോഡല്‍ ! പോളിയോ രോഗികളുടെ കാണപ്പെട്ട ദൈവം; ഡോ. മാത്യു വര്‍ഗീസ് ഒരു സംഭവമാണ്…

ന്യൂയോര്‍ക്ക്: ലോക കോടീശ്വരന്മാരില്‍ ഒരാളും ജീവകാരുണ്യ രംഗത്ത് സജീവവുമായ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പലര്‍ക്കും റോള്‍ മോഡലാണ്. എന്നാല്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്‌സിന്റെ റോള്‍ മോഡലാവുകയെന്നു പറഞ്ഞാല്‍ അയാള്‍ അസാധ്യനായ ഒരു മനുഷ്യനായിരിക്കണം. താന്‍ കണ്ട അഞ്ചു സൂപ്പര്‍ ഹീറോകളില്‍ ഒരാളെന്നാണ് ഡോ. മാത്യൂസ് വര്‍ഗീസ് എന്ന മലയാളി ഡോക്ടറെ വിശേഷിപ്പിച്ചത്.

ബില്‍ ഗേറ്റ്സ് തന്റെ ഗേറ്റ്സ് നോട്സ് എന്ന ബ്ലോഗിലാണ് ഇദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്. പോളിയോ രോഗബാധിതര്‍ക്കിടയില്‍ അവരുടെ ദൈവദൂതനെപ്പോലെ പ്രവര്‍ത്തിക്കുന്ന ഡോ. മാത്യൂ വര്‍ഗീസിന്, പക്ഷേ ബില്‍ ഗേറ്റ്സിന്റെ പരാമര്‍ശം ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തി അതേ ആവേശത്തോടെ താന്‍ തുടരുമെന്നും അദ്ദേഹം പറയുന്നു.പോളിയോ ബാധിതര്‍ക്കായി ജീവന്‍ സമര്‍പ്പിച്ചയാളാണ് ഡോ. മാത്യു വര്‍ഗീസ്. പഴയ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ പോളിയോ ബാധിതര്‍ക്കുമാത്രമായി അദ്ദേഹം ഒരു വാര്‍ഡ് നടത്തുന്നു. രോഗബാധിതരായ പുരുഷന്മാരും സ്ത്രീകളും ഇവിടെയുണ്ട്. ബന്ധുക്കളും മറ്റു ഉപേക്ഷിച്ചവരും അക്കൂട്ടത്തിലുണ്ട്. 2011-ല്‍ ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചെങ്കിലും ആയിരക്കണക്കിനാളുകള്‍ രോഗം ബാധിച്ച് നരകിച്ച് ജീവിക്കുന്നുണ്ട്.

സെന്റ് സ്റ്റീഫന്‍സില്‍ 1987ലാണ് ഡോ.മാത്യു പോളിയോ വാര്‍ഡിന് തുടക്കം കുറിക്കുന്നത്. എട്ട് ബെഡ്ഡുകളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഈ വാര്‍ഡ് അന്നുമുതലിന്നോളം മിക്കവാറും നിറഞ്ഞുതന്നെയാണുള്ളത്. വാര്‍ഡ് കാലിയായി കാണണമെന്നാണ് ഡോക്ടറുടെ ആഗ്രഹം. ഒരുകാലത്ത് വര്‍ഷം 600 രോഗികള്‍ക്കുവരെ ഇവിടെ വര്‍ഷം ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്ന് ആ സംഖ്യ 200-ല്‍ത്താഴെ എത്തിയിട്ടുണ്ടെങ്കിലും, പോളിയോ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇനിയും സമയമെടുക്കും. സെന്റ് സ്റ്റീഫന്‍സിലെത്തുന്ന പോളിയോ രോഗികള്‍ക്ക് ഡോ. മാത്യു വര്‍ഗീസ് എന്ന ഓര്‍്ത്തോപീഡിക് സര്‍ജന്‍ ദൈവത്തെപ്പോലെയാണ്.

ചികിത്സയ്ക്കായി എത്തുന്നവര്‍ രോഗം ഭേദമായാലും തങ്ങളുടെ ഭാവി ജീവിതത്തിലെ സന്തോഷാവസരങ്ങളില്‍ ഡോക്ടറുടെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നു .പോളിയോ മുക്തരായി ജീവിതത്തിലേക്ക് കടക്കുന്നവര്‍ക്കായി വ്യക്തമായ നയം സര്‍ക്കാരുകള്‍ രൂപവല്‍ക്കരിക്കണമെന്ന് ഡോ. മാത്യുവര്‍ഗീസ് ആവശ്യപ്പെടുന്നു. രോഗത്തെ അതിജീവിച്ചവര്‍ക്ക് ജോലി ചെയ്യുന്നതിനും ജീവിക്കുന്നതിനുമുള്ള അവസരങ്ങളൊരുക്കണം. പോളിയോ ബാധിതരെ ചികിത്സിക്കുന്നതിന് കൂടുതല്‍ ഡോക്ടര്‍മാര്‍ രംഗത്തേയ്ക്ക് വരണമെന്നും ഡോ. മാത്യു വര്‍ഗീസ് ആവശ്യപ്പെടുന്നു. മലയാളികള്‍ക്ക് പരിചിതനല്ലാത്ത ഈ മലയാളി ഡോക്ടറെ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ ബില്‍ ഗേറ്റ്‌സ് വേണ്ടി വന്നു എന്നതാണ് യാഥാര്‍ഥ്യം.

 

Related posts