തൃശൂർ: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൻജിയോഗ്രാം നടത്താൻ വിസമ്മതിച്ചു. വൈകുന്നേരം അഞ്ചോടെ അവരെ വിയ്യൂർ ജയിലിലേക്കു കൊണ്ടുപോയി.
നെഞ്ചുവേദനയെ തുടർന്ന് രണ്ടു ദിവസം മുന്പാണ് ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ ആൻജിയോഗ്രാമിനു തയാറല്ലെന്നു സ്വപ്ന അറിയിച്ചു. ഇതു രേഖാമൂലം എഴുതി നൽകുകയും ചെയ്തു.
നെഞ്ചുവേദന അനുഭവപ്പെട്ട സ്വപ്ന കഴിഞ്ഞയാഴ്ച ആറുദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. അടിക്കടി നെഞ്ചുവേദനയെന്ന് പറയുന്ന സാഹചര്യത്തിൽ എക്കോ ടെസ്റ്റ് നടത്തിയെങ്കിലും കുഴപ്പം കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീടാണ് ആൻജിയോഗ്രാം ടെസ്റ്റ് നടത്താൻ ഡോക്ടർമാർ നിർദേശിച്ചത്.
എൻഡോസ്കോപ്പിക്കു വിധേയനായ കേസിലെ മറ്റൊരു പ്രതി കെ.ടി. റമീസിനു കുഴപ്പങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്കു മാറ്റി. ദേഹാസ്വാസ്ഥ്യവും വയറുവേദനയുമെന്നു പറഞ്ഞ് റമീസും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.
വാർഡിൽനിന്ന് സ്വപ്ന നഴ്സിന്റെ ഫോണ് വാങ്ങി തിരുവനന്തപുരത്തേക്കു വിളിച്ചെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിലാണു നഴ്സുമാർ തങ്ങൾക്കൊന്നുമറിയില്ലെന്ന മൊഴി നൽകിയത്.
വനിതാ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടി. ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി.
സ്വപ്ന മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ആറു ദിവസങ്ങളിൽ വനിതാ സെല്ലിൽ ജോലി നോക്കിയ എല്ലാ ജീവനക്കാരുടേയും ഫോണ്വിളി വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്പെഷൽ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.