പോക്‌സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടിക്രമം കേന്ദ്രം ആരംഭിച്ചതിലൂടെ ഫലം കണ്ടത് സ്വാതി മലിവാളിന്റെ ഒറ്റയാള്‍ പോരാട്ടം! രാജ്യത്തെ സ്ത്രീ ജനങ്ങള്‍ക്കായി സ്വാതി നടത്തിയ നിരാഹരാ സമരത്തെ കാണാതെ പോവരുത്

ഭയാനകമായ രീതിയിലാണ് ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ചിലത് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ ചിലത് ഇരുചെവിയറിയാതെ കടന്നുപോവുന്നു. ഇത്തരത്തില്‍ രാജ്യം മുഴുവന്റെയും ശ്രദ്ധയും പ്രതിഷേധവും നേടിയ ഒന്നാണ് കഠുവ, ഉന്നാവോ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ ആക്രമണം.

കഠുവ പെണ്‍കുട്ടിയുടെ ബലാത്സംഗത്തെ തുടര്‍ന്നുള്ള മരണം രാജ്യം മുഴുവന്‍ അറിയാനും പിന്നീട് ഇപ്പോള്‍ പോക്‌സോ നിയമം ഭേദഗതി ചെയ്യാനും കാരണക്കാരായ ഏതാനും ചിലയാളുകളുണ്ട്. അഭിഭാഷക ദീപിക സിംഗ് രജാവത്ത്, കേസന്വേഷണത്തിന്റെ ഭാഗമായിരുന്ന ശ്വേതാംബരി ശര്‍മ്മ എന്ന പോലീസുദ്യോഗസ്ഥ, ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ തുടങ്ങിയവരാണവര്‍.

കേസന്വേഷണവും രാജ്യമെങ്ങുമുള്ള പ്രതിഷേധങ്ങളും കുറ്റാരോപിതരായവരുടെ അറസ്റ്റുമൊക്കെ നടക്കുമ്പോള്‍ അധികമാരും ശ്രദ്ധിക്കാതെ പോയ പേരായിരുന്നു സ്വാതി മല്‍വാള്‍ എന്നത്. കഠുവയിലെ പെണ്‍കുട്ടിയ്ക്കുവേണ്ടി രാജ്യം നിലവിളിച്ചപ്പോള്‍ നിരാഹാര സത്യാഗ്രഹം നടത്തി രാജ്യത്തെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി പൊരുതുകയായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കൂടിയായ സ്വാതി. 12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനൊരുങ്ങുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ലക്ഷ്യം നേടിയെടുത്തിയിരിക്കുകയാണ് സ്വാതി.

പീഡന സംഭവങ്ങളില്‍ ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുക, പീഡന വിരുദ്ധ നിയമം നടപ്പാക്കുക, പ്രതികള്‍ക്ക് വധശിക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സ്വാതിയുടെ നിരാഹാര സമരം. രാജ്ഘട്ടിന് സമീപം നടന്നുവന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൂറ് കണക്കിന് സ്ത്രീകള്‍ പങ്കെടുത്തിരുന്നു. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ, അരവിന്ദ് കേജരിവാള്‍ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും മാലിവാളിന് പിന്തുണ അറിയിച്ച് എത്തിയിരുന്നു.

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ സംഭവം നടന്ന് ആറ് മാസത്തിനുള്ളില്‍ വധശിക്ഷക്ക് വിധേയരാക്കണമെന്ന ആവശ്യം കഴിഞ്ഞ രണ്ടര വര്‍ഷമായി മോദി സര്‍ക്കാരിന് മുന്നില്‍ തങ്ങള്‍ ഉന്നയിച്ചുവരുന്നുണ്ടെന്നും 5.5 ലക്ഷം കത്തുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ചിട്ടുള്ളതെന്നും എന്നാല്‍, അതിനോട് പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടിയിരുന്നു.

ഏതായാലും പോക്‌സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചതോടെ രാജ്യം മുഴുവനിലെയും സ്ത്രീ ജനങ്ങള്‍ക്ക് ധൈര്യവും പ്രത്യാശയും പകര്‍ന്നുകൊണ്ട് പത്ത് ദിവസമായി അനുഷ്ഠിച്ചുവരുന്ന നിരാഹാരം സ്വാതി അവസാനിപ്പിച്ചിരിക്കുകയാണിപ്പോള്‍. പോരാട്ടം അവസാനിപ്പിക്കില്ല എന്ന സൂചന നല്‍കികൊണ്ടുതന്നെ…

 

Related posts