ചാരുംമൂട്: ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ നൂറനാട് ജംഗ്ഷനില്‍ ടേക്ക് എ ബ്രേക്ക് ആധുനിക ശുചിമുറി യാഥാര്‍ഥ്യമാവുന്നു. ഇവിടം കേന്ദ്രീകരിച്ച് പൊതുശുചിമുറി വേണമെന്ന വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാവുന്നത്. പാലമേല്‍ പഞ്ചായത്തും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് 35 ലക്ഷം രൂപ മുടക്കിയാണ് നൂറനാട് മൃഗാശുപത്രി കോമ്പൗണ്ടില്‍ ആധുനിക ശുചിമുറി നിര്‍മിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളും പബ്ലിക്ക് മാര്‍ക്കറ്റും ഒട്ടേറെ സ്ഥാപനങ്ങളും കെപി റോഡിലെ തിരക്കേറിയ നൂറനാട് ജംഗ്ഷന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ശുചിമുറി നിര്‍മിക്കുന്നതോടെ പോലീസ് സ്റ്റേഷന്, സബ്ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് ശുചിമുറി ഉപയോഗിക്കാൻ പറ്റും.
ചാരുംമൂട്ടില്‍ ഇ ടോയ്ലറ്റ് കാടുകയറി നശിക്കുന്നു
ചാരുംമുട്ടില് വരുന്ന പൊതുജനങ്ങള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും വ്യാപാരികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഇ ടോയ്ലറ്റ് ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്. ലക്ഷങ്ങള്‍ വിനിയോഗിച്ചു നിര്‍മിച്ച ഇ ടോയ്ലറ്റ് ജനങ്ങള്‍ക്ക് പ്രയോജനമില്ലാതെ വെറും കാഴ്ചവസ്തുവായി മാറി. ജനത്തിരക്കേറിയ ചാരുംമൂട് ജംഗ്ഷന് വടക്കുവശം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഇ-ടോയ്ലറ്റാണ് ഉപയോഗശൂന്യ മായി തുരുമ്പെടുത്ത് നശിക്കുന്നത്. ഇതുമൂലം യാത്രക്കാര്‍ ഉള്‍പ്പെടെ ജംഗ്ഷനില്‍ എത്തുന്നവര്‍ പ്രാഥമിക ആവശ്യം നിറവേറ്റാന്‍ സൗകര്യമില്ലാതെ ദുരിതത്തിലാണ്.
ശുചിത്വമിഷന്റെ സഹായത്തോടെ ചുനക്കര പഞ്ചായത്തിന്റെ 2012-13 ലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് കൊല്ലം- തേനി ദേശീയപാതയില്‍ ചാരുംമൂട് ജംഗ്ഷന് വടക്ക് ഭാഗത്തുള്ള കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം ഇ ടോയ്ലറ്റ് സ്ഥാപിച്ചത്. അഞ്ചു ലക്ഷം രൂപയോളമായിരുന്നു നിര്‍മാണത്തിനായി ചെലവഴിച്ചത്.
എന്നാല്‍, നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതു പ്രവര്‍ത്തനക്ഷമമായില്ല. ദിവസേന ആയിരക്കണക്കിന് ആളുകള്‍ വന്നുചേരുന്ന ചാരുംമൂട്ടില്‍ ശുചി മുറി സൗകര്യം ഇല്ലാത്തത് യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴാണ് ഒരു പ്രയോജനവും ഇല്ലാതെ ഇ-ടോയിലറ്റ് നശിച്ചുകൊണ്ടിരിക്കുന്നത്.