കവർച്ചയ്ക്കിടെ മോഷണ സംഘത്തിന്റെ ആക്രമണത്തിൽ അധ്യാപകൻ മരിച്ചു. യുപിയിൽ ഷാജഹാൻപൂരിലെ അധ്യാപികന്റെ വീട്ടിൽ കവർച്ച നടത്തുന്നതിനിടെ അജ്ഞാതരായ അക്രമികൾ മൂന്ന് കുട്ടികളടക്കം ഏഴ് പേരെ ആക്രമിച്ചു.
തിങ്കളാഴ്ച രാത്രി ഷാജഹാൻപൂരിലെ കത്ര ഏരിയയിലെ അലോക് കുമാർ ഗുപ്തയുടെ (36) വീട്ടിൽ ഒരു സംഘം കവർച്ചക്കാർ അതിക്രമിച്ച് കയറുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് അശോക് കുമാർ മീണ പറഞ്ഞു.
ബഹളം കേട്ട് അലോക് ഉണർന്നപ്പോൾ പ്രതി മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് നിരവധി തവണ ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അലോകിന്റെ ഭാര്യ ഖുശ്ബു, അച്ഛൻ സുധീർ ഗുപ്ത, സഹോദരൻ പ്രശാന്ത്, രുചി (പ്രശാന്തിന്റെ ഭാര്യ), മൂന്ന് കുട്ടികൾ എന്നിവരെ ചികിത്സയ്ക്കായി ബറേലിയിലേക്ക് അയച്ചതായി എസ്പി അറിയിച്ചു.
കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാൻ പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.