പാതിരാത്രിയില്‍ കൂട്ടുകാരന്റെ കാമുകീ സംഗമത്തിന് കാവല്‍ നില്‍ക്കാന്‍ പോയി; അടുത്ത വീട്ടിലെ സ്ത്രീയുടെ സ്വര്‍ണമാലയും ഫോണും കവര്‍ന്നു; കായംകുളത്ത് പതിനേഴുകാരനെ കുടുക്കിയത് അതിബുദ്ധി…

കായംകുളം: കൂട്ടുകാരന്റെ കാമുകീസംഗമത്തിന് കാവല്‍ നില്‍ക്കാന്‍ പോയ പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും മകളുടെ സ്വര്‍ണമാലയും കവര്‍ന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ കൗമാരക്കാരനെ പോലീസ് പൊക്കി.

വ്യാഴാഴ്ച പുലര്‍ച്ചെ കൃഷ്ണപുരത്തിനടുത്താണു സംഭവം. പുലര്‍ച്ചെ രണ്ടു മണിയോടെ ദേഹത്ത് എന്തോ ദ്രാവകം വീണപ്പോഴാണ് ഉണര്‍ന്നതെന്നും ജനാലയ്ക്കടുത്തു മുഖം മറച്ച് ആരോ നില്‍ക്കുന്നതു കണ്ടെന്നും വീട്ടമ്മ പൊലീസിനെ അറിയിച്ചിരുന്നു.

ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍, കുട്ടിയുടെ ദേഹത്തു ദ്രാവകം ഒഴിച്ചിട്ടുണ്ടെന്നും കത്തിക്കുമെന്നും ജനാലയ്ക്കടുത്തു നിന്നയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി. പുറത്തു വന്നാല്‍ ഫോണ്‍ തിരികെ തരാമെന്നും പറഞ്ഞു. ഇടയ്ക്കു തിരിച്ചെത്തിയ സുഹൃത്ത് വിളിച്ചിട്ടും പ്രതി കൂടെപ്പോയില്ല.

കൂട്ടുകാരന്‍ തിരികെ പോകുകയും ചെയ്തു. ഫോണ്‍ തന്നാല്‍ പുറത്തേക്കു വരാമെന്നു പറഞ്ഞ വീട്ടമ്മയുടെ തന്ത്രത്തില്‍ പ്രതി വീഴുകയായിരുന്നു. ഫോണ്‍ കിട്ടിയതോടെ വീട്ടമ്മ ബഹളം വച്ചു. ഇതോടെ ഇയാള്‍ ഓടിപ്പോവുകയായിരുന്നു.

ഫോണ്‍ കിട്ടിയ ഉടന്‍ പ്രതി അതില്‍നിന്നു സ്വന്തം ഫോണിലേക്കു ഡയല്‍ ചെയ്തു നമ്പര്‍ മനസ്സിലാക്കിയിരുന്നു. തുടര്‍ന്നു വീട്ടമ്മയുടെ ഫോണില്‍നിന്നു തന്റെ നമ്പര്‍ മായ്ച്ചു. പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഇതു കണ്ടെത്തിയതോടെയാണു പ്രതി കുടുങ്ങിയത്.

പ്രതിയുടെ ഫോണ്‍ നമ്പര്‍ കിട്ടിയതോടെ ഒരു സുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ച്, ബാര്‍ബര്‍ ഷോപ്പിലിരിക്കെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച രണ്ടു പവന്‍ മാല വിറ്റു കിട്ടിയ 21,000 രൂപയില്‍ 3,000 രൂപ ചെലവാക്കി, ബാക്കി രണ്ടു കൂട്ടുകാരെ ഏല്‍പ്പിച്ചു. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

ബുധനാഴ്ച ദുബായിലേക്കു പോകേണ്ട വീട്ടമ്മ വിമാനം കിട്ടാത്തതിനാല്‍ തിരികെ വീട്ടില്‍ എത്തിയതായിരുന്നു. തുറന്ന ജനല്‍ കണ്ടതാണ് മോഷ്ടാവിനെ ഉദ്യമത്തിനു പ്രേരിപ്പിച്ചത്.ജനലിനു സമീപം ഉറങ്ങുന്ന കുട്ടിയും തൊട്ടടുത്തു മാതാവിന്റെ മൊബൈല്‍ ഫോണും കണ്ടതോടെ ഇയാള്‍ പ്രലോഭനങ്ങള്‍ക്കു വശംവദനായി.

തുടര്‍ന്ന് കൂട്ടുകാരന്‍ വിളിച്ചിട്ടും പോകാതിരുന്ന പയ്യന് മറ്റു പല ഉദ്ദേശ്യങ്ങളും ഉണ്ടായിരുന്നു. ലോക്ക് ചെയ്യാത്ത ഫോണില്‍നിന്നു കുട്ടിക്കള്ളന്‍ വീട്ടമ്മയുടെ കുടുംബവിവരങ്ങളും അവിടെത്തന്നെയിരുന്നു മനസ്സിലാക്കിയിരുന്നു.

ഫോണില്‍നിന്നു കിട്ടിയ വിവരം വച്ചു വീട്ടിലുള്ളവരുടെ പേരുകള്‍ പറഞ്ഞാണു പ്രതി സംസാരിച്ചത്. പരിചയമുള്ള ആരോ ആണു മോഷ്ടാവെന്നു വീട്ടമ്മ സംശയിക്കുകയും ചെയ്തു. വീട്ടമ്മയുടെ ബഹളം കേട്ട് അടുത്ത മുറിയിലുണ്ടായിരുന്ന മാതാപിതാക്കള്‍ എത്തി പരിശോധിച്ചപ്പോഴാണു മാല നഷ്ടപ്പെട്ടെന്നു മനസ്സിലായത്.

പ്രതിയുടെ ഫോണ്‍ നമ്പര്‍ മനസ്സിലാക്കിയ പൊലീസ് അതിലേക്കു വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. പിന്നീട് പ്രതിയുടെ ഒരു കൂട്ടുകാരനെക്കൊണ്ടു വിളിപ്പിച്ചു. ഒരു കൊറിയര്‍ വന്നിട്ടുണ്ടെന്നും എടുക്കാന്‍ എത്തണമെന്നും പറയിച്ചപ്പോഴാണു പ്രതി എത്തിയതും പൊലീസ് പിടികൂടിയതും.

കൂട്ടുകാരന്റെ വിളിയെത്തുമ്പോള്‍ പൊലീസ് സ്റ്റേഷനു സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ തലമുടി മുറിപ്പിക്കുകയായിരുന്നു പ്രതി. ആദ്യം ചോദ്യം ചെയ്തപ്പോള്‍ എല്ലാം നിഷേധിച്ചുവെങ്കിലും ‘വിശദമായ’ ചോദ്യം ചെയ്യലില്‍ എല്ലാം സമ്മതിക്കുകയായിരുന്നു.

Related posts