തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍. മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു.
തൈറോയ്ഡ് രോഗങ്ങള്‍ തീവ്രതയില്‍ എത്തുന്ന ഒന്നല്ല, എന്നാല്‍ ദൈനംദിന ജീവിതത്തെ അലട്ടുന്ന ഒരവസ്ഥയാണിത്. ഉദാഹരണത്തിന് സ്ഥിരമായി ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും വളരെയധികം ക്ഷീണം അനുഭവപ്പെടുക, ശരീരഭാരം കൂടുക, മാസമുറയില്‍ വ്യത്യാസങ്ങള്‍ വരിക, വന്ധ്യതയ്ക്ക് കാരണമാവുക അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ കാലതാമസം നേരിടുക എന്നിങ്ങനെ പ്രശ്നങ്ങൾ തുടരുന്നു.
വര്‍ഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ്
കൃത്യമായി ചികിത്സ തേടുകയാണെങ്കില്‍ തൈറോയ്ഡ് രോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. തൈറോയ്ഡിന്റെ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം സാധ്യമാക്കുന്നത് വര്‍ഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിലൂടെയാണ്. ഇതിന് സാധാരണ യായി ചെയ്യുന്ന രക്തപരിശോധനയാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്.
ഹോർമോൺ കുറഞ്ഞാലും കൂടിയാലും പ്രശ്നം
തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നു ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനായി പിറ്റ്യൂട്ടറി ഗ്രന്ഥി (Pituitary gland) നല്കുന്ന ഹോര്‍മോണ്‍ ആണ് ടിഎസ്എച്ച് (TSH). ഇതിന്റെ ഉത്പാദനക്കുറവും (Hypothyroidism) കൂടുതലും (Hyperthyroidism) ശരീരത്തെ രണ്ടു തരത്തില്‍ ബാധിക്കുന്നു.
ഇത് പ്രത്യേകമായി ഒരു അവയവത്തെ അല്ല ബാധിക്കുന്നത്, ശരീരത്തെ പൊതുവായി ബാധിക്കുന്നു. ക്ഷീണം, തളര്‍ച്ച, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയാണ് പ്രകടമാകുന്നത്. അതിനാല്‍ അസുഖമൊന്നും ഇല്ലെങ്കില്‍ പോലും സ്ക്രീനിംഗ് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്. ഇത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത തൈറോയ്ഡ് രോഗത്തെ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സഹായിക്കുന്നതിനോടൊപ്പം ചികിത്സിച്ച് ഭേദമാക്കാനും സാധിക്കുന്നു.
ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍
ഭക്ഷണം കഴിച്ചാലും ശരീരഭാരം കുറയുക, കൈ വിറയ്ക്കുക, നെഞ്ചിടിപ്പ് കൂടുക, ക്ഷീണം തോന്നുക, മാസമുറയിലെ വ്യത്യാസം
ഹൈപ്പോ തൈറോയ്ഡിസം
വിപരീത ലക്ഷണങ്ങളാണ് പ്രകടമാവുക. ശരീരഭാരം കൂടുക, മാസമുറയിലെ വ്യത്യാസങ്ങള്‍, ശബ്ദത്തില്‍ വ്യതിയാനം ഉണ്ടാവുക, ഉന്മേഷക്കുറവ്
സ്ക്രീനിംഗ് ടെസ്റ്റായ ടിഎസ്എച്ച് (TSH) രക്തപരിശോധനയില്‍ നോർമലിൽ കുറവ് ആണെങ്കില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്ത്തനക്കൂടുതലും മറിച്ചാണെങ്കില്‍ പ്രവര്‍ത്തനക്കുറവും സൂചിപ്പിക്കുന്നു. ടിഎസ്എച്ച്(TSH) കൂടാതെ ടി3 (T3), ടി4 (T4), ആന്റിബോഡി ടെസ്റ്റുകളും രോഗനിര്‍ണയത്തിന് സഹായിക്കുന്നു. ഇത്തരത്തില്‍ കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തുന്നതുവഴി മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും പ്രതിരോധവും സാധ്യമാകുന്നു.
വിവരങ്ങൾ – ഡോ. ഹേമലത പി.
കൺസൾട്ടന്റ്
ജനറൽ മെഡിസിൻ,
എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം