കൊച്ചി: ബിസിനസ് ആവശ്യങ്ങള്‍ക്ക് പണം മുടക്കിയാല്‍ ലാഭവിഹിതം ഉള്‍പ്പെടെ തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പലരില്‍ നിന്നായി മഹാരാഷ്ട്ര സ്വദേശി ഡാനിഷ് സപ്ഹൈല് താക്കൂര്‍ തട്ടിയെടുത്തത് ഏകദേശം ആറു കോടി രൂപ. കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ തട്ടിപ്പ് സംബന്ധിച്ച് ആറു പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഈ പരാതികളില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് ക്ലിന്റ് പറഞ്ഞു.
നോര്‍ത്ത് സ്റ്റേഷനിലെ പരാതിക്കാരില്‍നിന്ന് ഇയാള്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് ഇയാള്‍ പലരില്‍ നിന്നായി പണം തട്ടിയെടുത്തത്.
അതേ സമയം കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഇയാള്‍ തട്ടിയെടുത്ത തുക ഏകദേശം ആറുകോടിയോളം വരുമെന്നും അന്വേഷണ സംഘം പറയുന്നു. ഇയാളുടെ പേരില്‍ സമാന കേസുകള്‍ കളമശേരി, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷകളില്‍ നിലവിലുണ്ട്.
പച്ചക്കറികളും പഴങ്ങളുടെയും കച്ചവടം നടത്തുന്നതിനായി പണം മുടക്കിയാല്‍ മുടക്കു മുതലും ലാഭവിഹിതവും ഉള്‍പ്പെടെ തരാമെന്നും പഴവര്‍ഗങ്ങള്‍ ഇതരസംസ്ഥാനത്തുനിന്ന് ഇറക്കി തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയെടുത്തത്. ഇതിനായി വ്യാജ രസീതും ഉണ്ടാക്കിയിരുന്നു.
നാല് പാന്‍ കാര്‍ഡുകള്‍, നാല് ഡ്രൈവിംഗ് ലൈസന്‍സുകള്‍, രണ്ട് ആധാര്‍ കാര്‍ഡുകള്‍ എന്നിവ പോലീസ് ഡാനിഷില്‍ നിന്ന് പിടിച്ചെടുത്തു. ഇവയെല്ലാം പല പേരുകളിലാണ്. ഇയാള്‍ സിം കാര്‍ഡുകള്‍ എടുത്തിരുന്നത് ഇയാളുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്റെ പേരിലായിരുന്നു.
മഹാരാഷ്ട്ര രത്നഗിരി സ്വദേശിയായ ഡാനിഷ് മുംബൈയില്‍ മുമ്പ് സിവില്‍ എന്‍ജിനീയറായിട്ടാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇയാളുടെ രണ്ടാം ഭാര്യയുടെ ആദ്യ ഭര്‍ത്താവിന്റെ പേരിലും ഇയാള്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഡാനിഷ് സഹില്‍ താക്കൂര്‍, ഇര്ഫാന് ഇസ്മായില്‍, ഇര്ഫാന് ഇസ്മയില്‍ മുഹമ്മദ്, ഡാനിഷ് എസ്. താക്കൂര്‍, സമര് ഇസ്മയില്‍ സഹര്‍, രാം നാരായണ്‍ എല്‍ സിംഗ് എന്നീ വ്യാജപ്പേരുകളിലും ഇയാള്‍ രേഖ ഉണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ഇയാളെ മുംബൈയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.