അപൂര്‍വം ചിലര്‍ ! സ്വയം പോലീസ് ജീപ്പ് ഓടിക്കുന്ന വനിതാ പോലീസ്; മികവിനുള്ള അംഗീകാരമായി മുഖ്യമന്ത്രിയുടെ പോലീസ് മെഡലും; ജസീലയെന്ന പോലീസുകാരിയുടെ കഥ ഏവര്‍ക്കും പ്രചോദനം…

യാഥാസ്ഥിതികരായ ആളുകള്‍ പെണ്‍മക്കളെ അയയ്ക്കാന്‍ ഒരിക്കലും തയ്യാറാകാത്ത തൊഴിലാണ് വനിതാ പോലീസിന്റേത്. എന്നാല്‍ ചില മാതാപിതാക്കള്‍ ധീരമായ തീരുമാനങ്ങളിലൂടെ മക്കളെ പോലീസ് ഓഫീസറാക്കാന്‍ മിനക്കെടുകയും ചെയ്യുന്നു. കല്‍പറ്റ വനിതാ ഹെല്‍പ്പ് ലൈനില്‍ സിവില്‍ പോലീസ് ഓഫീസറായ കെ.ടി. ജസീലയ്ക്ക് പറയാനുള്ളതും അത്തരമൊരു കഥയാണ്.

പോലീസുകാരിയുടെ കടുംപിടിത്തമൊന്നുമില്ലാതെ ഏവരോടും ചിരിച്ച് ഇടപെടുന്ന ജസീല പക്ഷെ കൃത്യനിര്‍വ്വഹണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. അതിപ്പം റോഡിലൂടെ കള്ളനെ ഓടിച്ചിട്ടു പിടിക്കുന്നതായാലും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ അന്വേഷണം നടത്തി കുറ്റവാളികളെ നിയമക്കുരുക്കില്‍ അകപ്പെടുത്തുന്ന കാര്യമായാലും. ജസീലയുടെ പ്രവര്‍ത്തനമികവിന് അംഗീകാരമെന്നോണം ഇത്തവണ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും തേടിയെത്തി.

ജോലിയിലെ കൃത്യത, ഗുഡ് സര്‍വീസ് എന്‍ട്രികള്‍, സര്‍വീസ് ബുക്ക് എല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നല്‍കുന്നത്. ജസീലയുടെ സര്‍വീസ് ബുക്കില്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മെഡല്‍ നേടുന്ന രീതിയിലേക്കുള്ള ഗുഡ് സര്‍വീസ് എന്‍ട്രികള്‍ ധാരാളമുണ്ട്. മുട്ടില്‍ കണ്ണപ്പംതൊടുകവീട്ടില്‍ അഹമ്മദ്കുട്ടി-സഫിയ ദമ്പതിമാരുടെ മകള്‍ ജസീല ഡിഗ്രി രണ്ടാംവര്‍ഷം പഠിക്കുമ്പോഴാണ് പോലീസിലെത്തുന്നത്. പത്ത് വര്‍ഷം മുമ്പ് അത്തരമൊരു തീരുമാനമെടുക്കാന്‍ ഉപ്പ കാണിച്ച അസാമാന്യമായ ചങ്കൂറ്റത്തിന്റെ ഫലമാണ് ‘പോലീസുകാരി ജസീല’യെന്ന് പറയുന്നു അവര്‍. ഉമ്മയ്ക്കും വാപ്പയ്ക്കും ജസീലയും അനിയത്തി ജസീനയുമായി രണ്ട് പെണ്‍കുട്ടികളാണ്.

സ്വന്തം കാലില്‍ നില്‍ക്കാന്‍ മക്കളെ ഉപ്പ പ്രാപ്തരാക്കി. 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ തന്നെ ഇരുചക്ര, മുചക്ര വണ്ടികളുടെയും, കാറിന്റെയും ലൈസന്‍സ് എടുപ്പിച്ചു. അന്ന് 5000 രൂപയാണ് ലൈസന്‍സ് എടുക്കാനുള്ള ഫീസ്, ഉപ്പ എങ്ങനെ അതുണ്ടാക്കിയെന്നൊക്കെ ഇപ്പോ ആലോചിക്കുമ്പോള്‍ സങ്കടമാണ്. ഇപ്പോള്‍ പോലീസ് ജീപ്പ് സ്വന്തമായി ഓടിക്കുന്ന ചുരുക്കം വനിതാ പോലീസുകാരില്‍ ഒരാളാണ് ജസീല. ഹെവി വെഹിക്കിള്‍ ലൈസന്‍സ് എടുക്കാനുള്ള ശ്രമത്തിലുമാണ്.

കല്‍പറ്റ ശക്തി ലൈബ്രറിയില്‍ സൗജന്യ പി.എസ്.സി. കോച്ചിങ്ങ് ഉണ്ടെന്ന് അറിഞ്ഞ് ഉപ്പയാണ് അതിന് ചേര്‍ത്തത്്. ക്ലാസിന് പോകാന്‍ കൂട്ടുപോന്നിരുന്നത് ഉമ്മയാണ്. ക്ലാസ് തീരുംവരെ ഉമ്മ ലൈബ്രറിയുടെ പുറത്തിരിക്കും. അങ്ങനെ എഴുതിയ ആദ്യ പിഎസ്‌സി തന്നെ കിട്ടി, പോലീസുകാരിയായി. കായിക പരിശീലനത്തിന് രാവിലെ ഓടാനും ഉപ്പ കൊണ്ടുപോകുമായിരുന്നു. മകളെ പോലീസുകാരിയാക്കിയതിന് ഒരുപാട് വിമര്‍ശനങ്ങള്‍ കുടുംബത്തിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

സമുദായത്തില്‍പ്പെട്ട പലര്‍ക്കും മിണ്ടാന്‍പോലും മടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഹജ്ജിന് ഒറ്റയ്ക്ക് പോയ സ്ത്രീകള്‍ക്കൊപ്പം വൊളന്റിയറായി പോയിരുന്നു. ഹജ്ജ് പൂര്‍ത്തിയാക്കിയതോടെയാണ് സമുദായത്തിലെ പലരും പോലീസുകാരിയാണെങ്കിലും കൊള്ളാലോ എന്ന മനോഭാവത്തിലേക്ക് മാറിയതെന്ന് പറയുന്നു ജസീല.
കുട്ടികളെ സങ്കുചിത ചിന്താഗതികളാല്‍ തളച്ചിടാതെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. എല്ലാവരോടും ഇടപഴകി വളരട്ടെ. പലപ്പോഴും കുട്ടികളോട് തുറന്ന് സംസാരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായാല്‍ തന്നെ പകുതി പ്രയാസങ്ങളും ഒഴിവാക്കാനാവും. പോലീസ് അനുഭവങ്ങളില്‍ നിന്ന് ജസീല പറയുന്നു.

Related posts