ചായക്കടക്കാരന്റെ അടുത്തേക്ക് ജനം ഒഴുകുന്നു ! പക്ഷെ ചായ കുടിക്കാന്‍ അല്ലെന്നു മാത്രം; രാജ്യം ആദരിക്കുന്ന വ്യത്യസ്ഥനായ ചായക്കടക്കാരന്റെ കഥ പങ്കുവച്ച് വിവിഎസ് ലക്ഷ്മണ്‍…

ചായക്കടയിലേക്ക് ആളുകള്‍ പോകുന്നത് എന്തിനെന്ന് ചോദിച്ചാല്‍ ചായകുടിക്കാന്‍ എന്നതാവും ഏവരുടെയും ഉത്തരം. എന്നാല്‍ കാണ്‍പൂരിലെ ഷാര്‍ദ നഗര്‍ തെരുവോരത്തുള്ള ഒരു ചായക്കടക്കാരനെത്തേടി ആളുകള്‍ വരുന്നത് ചായകുടിക്കാന്‍ മാത്രമല്ല. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍ ഇദ്ദേഹത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതും ഈ പ്രത്യേകതകള്‍ കൊണ്ടു തന്നെയാണ്.

മുഹമ്മദ് മഹ്ബൂബ് മാലിക്ക് എന്ന വ്യത്യസ്ഥനായ ഈ ചായക്കടക്കാരന്‍ ഇന്ന് രാജ്യമാകെ താരമായിരിക്കുകയാണ്. ചായക്കടയിലെ വരുമാനത്തിന്റെ 80 ശതമാനവും ഉപയോഗിച്ചു കഴിഞ്ഞ മൂന്നു വര്‍ഷമായി 40 പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന മാലിക്ക് രാജ്യത്തിന്റെയാകെ ആദരവ് പിടിച്ചു പറ്റുകയാണ്. ആറു സഹോദരങ്ങളുള്ള വീട്ടില്‍ ജനിച്ച മാലിക്കിന്റെ വീട്ടിലെ ഏക വരുമാനക്കാരന്‍ പിതാവായിരുന്നു. പിതാവിന്റെ തുച്ഛ വരുമാനം കൊണ്ട് എല്ലാവരുടെയും വയര്‍ നിറയ്ക്കാന്‍ തന്നെ തികയുന്നുണ്ടായിരുന്നില്ല. അപ്പോ പിന്നെ വിദ്യാഭ്യാസത്തിന്റെ കാര്യം പറയണോ. വലിയ ബുദ്ധിമുട്ടുകള്‍ സഹിച്ചു പത്താം ക്ലാസ് വരെ പഠിക്കാനേ മാലിക്കിനു സാധിച്ചുള്ളൂ.

പിന്നീട് ജീവിക്കാനായി പിതാവിനൊപ്പം ചായക്കടയില്‍ ജോലിയ്ക്കു പോയിത്തുടങ്ങി.കാലങ്ങള്‍ കടന്നുപോയി.സമീപ പ്രദേശങ്ങളിലെ പല പാവപ്പെട്ട കുട്ടികളും പഠിക്കാന്‍ പോകാതെ ചുറ്റിത്തിരിയുന്നതും ഭിക്ഷയെടുക്കുന്നതും അങ്ങനെയാണ് മാലിക്കിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവരില്‍ പലര്‍ക്കും അമ്മമാര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. കുട്ടികള്‍ക്കു ഭക്ഷണം കണ്ടെത്താന്‍ തന്നെ വിഷമിക്കുന്ന ഈ അമ്മമാര്‍ക്ക് അവരെ സ്‌കൂളിലേക്കു വിടുന്നതൊക്കെ അചിന്ത്യമായിരുന്നു.

ആ കുട്ടികളില്‍ തന്നെ കണ്ട മാലിക്ക് അങ്ങനെ അവരെ പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പഠിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ തനിക്കു തെരുവോരത്തെ ചായക്കടക്കാരനായി ഒതുങ്ങാതെ രാജ്യത്തിനായി വലുതായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞേനെ എന്നു മാലിക് ചിന്തിക്കുന്നു. തനിക്കു കിട്ടാതെ പോയ അവസരം പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കാന്‍ തീരുമാനമെടുക്കുന്നത് അങ്ങനെയാണ്.  ആദ്യം മാലിക് ബസ്തിയിലും ഗുരുദേവ് ടാക്കീസിലും കാന്‍ഷിറാം കോളനിയിലും കോച്ചിങ് കേന്ദ്രങ്ങള്‍ തുടങ്ങി 350ഓളം കുട്ടികളെ സൗജന്യമായി പഠിപ്പിക്കാന്‍ തുടങ്ങി. പ്രതിദിനം രണ്ടു മണിക്കൂര്‍ കുട്ടികളെ പഠിപ്പിക്കാന്‍ 2000 രൂപ ശമ്പളം ശമ്പളത്തില്‍ അധ്യാപകരെയും മാലിക് നിയമിച്ചു. പക്ഷേ, രണ്ടു മണിക്കൂര്‍ ക്ലാസു കൊണ്ട് കുട്ടികളുടെ സ്വഭാവത്തിലൊന്നും വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞില്ല. അങ്ങനെയാണു സ്വന്തമായി ഒരു സ്‌കൂള്‍ തുടങ്ങാന്‍ മാലിക് ആലോചിച്ചത്.

സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം 2017ല്‍ മാ തുജ്ഹേ സലാം ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു എന്‍ജിഒ ഇതിനായി ആരംഭിച്ചു. അഞ്ചു ടീമംഗങ്ങളും വോളന്റിയര്‍മാരുമായി ഈ ഫൗണ്ടേഷനാണ് 40 കുട്ടികള്‍ക്ക് സൗജന്യമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നത്. യൂണിഫോം, ഷൂസ്, സോക്സ്, ബാഗ്, മറ്റ് സ്റ്റേഷനറി വസ്തുക്കള്‍ തുടങ്ങിയവയെല്ലാം സൗജന്യമായിട്ടു കുട്ടികള്‍ക്കു നല്‍കുന്നു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂള്‍ നടത്താനുള്ള പണം മാലിക് കണ്ടെത്തുന്നതു തന്റെ ചായക്കടയിലെ വരുമാനത്തില്‍ നിന്നാണ്.

പുലര്‍ച്ചെ അഞ്ചു മണിക്കുണരുന്ന മാലിക്ക് അഞ്ചര മുതല്‍ ഏഴര വരെ ചായക്കടയില്‍ പണിയെടുക്കും. ഏഴരയാകുമ്പോള്‍ കട പിതാവിനെ ഏല്‍പ്പിച്ചു സ്‌കൂളിലേക്ക് തിരിക്കും. ഉച്ചയ്ക്ക് ശേഷം 2.30യ്ക്ക് സ്‌കൂളില്‍ നിന്നു മടങ്ങി വീണ്ടും മൂന്നു മുതല്‍ രാത്രി 11 വരെ ചായക്കട നടത്തും. ചായക്കടയില്‍ നിന്നു പ്രതിദിനം 500 രൂപയെങ്കിലും സ്‌കൂളിനു വേണ്ടി മിച്ചം പിടിക്കാന്‍ ശ്രമിക്കാറുണ്ട്. സമ്പാദിക്കുന്ന പണം മുഴുവന്‍ ഇത്തരത്തില്‍ സേവനത്തിനായി ചെലവാക്കുന്നതു കണ്ട് അയല്‍ക്കാരൊക്കെ ആദ്യം മാലിക്കിനെ പരിഹസിച്ചു.

പക്ഷെ കുറെ ദിവസം കഴിഞ്ഞപ്പോള്‍ പലരും മാലിക്കിനെ അഭിനന്ദിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ പറഞ്ഞവര്‍ തന്നെ വാക്കു മാറ്റി. വിവിഎസ് ലക്ഷ്മണിന്റെ ട്വിറ്റര്‍ പരാമര്‍ശം വന്നതോടെ നിരവധി പേര്‍ കാണാനെത്തുന്നുണ്ട്. എന്‍ജിഒയെ രജിസ്റ്റര്‍ ചെയ്യാനും 80ജി സര്‍ട്ടിഫിക്കറ്റ് നേടാനുമുള്ള ശ്രമത്തിലാണ് ഈ ചായക്കടക്കാരന്‍ ഇപ്പോള്‍. നാലാം ക്ലാസു വരെ ഡിവിഷനുകളില്‍ 40 പേരെ മാത്രമേ ഇപ്പോള്‍ പഠിപ്പിക്കാന്‍ സാധിക്കുന്നുള്ളൂ. കൂടുതല്‍ കഠിനാധ്വാനം ചെയ്തു പത്താം ക്ലാസ് വരെ 200 വിദ്യാര്‍ഥികളെ തന്റെ സ്‌കൂള്‍ വഴി സൗജന്യമായി പഠിപ്പിക്കണമെന്നാണു മാലിക്കിന്റെ ആഗ്രഹം. ഈയൊരു സദ്പ്രവൃത്തിയിലൂടെ രാജ്യത്തിന്റെ മുഴുവന്‍ ആദരവ് നേടുകയാണ് മാലിക്.

Related posts