കോഴിക്കോട്: സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് സകല സീമകളും ലംഘിച്ച് മുന്നേറവേ മന്ത്രി മുഹമ്മദ് റിയാസിനെ ടാര്‍ജറ്റ് ചെയ്ത് സര്‍ക്കാരിനെയും അതുവഴി മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം.
മാനേജ് മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആളെന്ന് മന്ത്രി റിയാസിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിശേഷിപ്പിച്ചപ്പോള്‍ അമ്മായി അപ്പന്-മരുമകന് ഭരണമാണ് കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിമര്‍ശനം.
പ്രതിപക്ഷ നേതാക്കള്‍ക്ക് വാഴപ്പിണ്ടി നട്ടെല്ലാണെന്ന പരാമര്‍ശമാണ് റിയാസിനെതിരേ ശക്തമായി തിരിയാന്‍ പ്രതിപക്ഷത്തിന് ഊര്‍ജം പകര്‍ന്നത്.
റിയാസിനെ ലക്ഷ്യം വയ്ക്കുന്നതോടെ ഒന്നിലധികം ഗുണങ്ങൾ പ്രതിപക്ഷം കാണുന്നു. റിയാസിനെതിരേ മന്ത്രിസഭയിലെ മറ്റംഗങ്ങളിലും ഭരണപക്ഷ എംഎല്എമാരിലുമുള്ള നീരസം പുറത്തുകൊണ്ടുവരുന്നതിനൊപ്പം മന്ത്രിസഭയിലും പുറത്തും അദ്ദേഹത്തിനു ലഭിക്കുന്ന രണ്ടാമന് പരിവേഷം തകര്‍ക്കാമെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു.
രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം മോഹിച്ച എ.എന്‍. ഷംസിറിനെ കടത്തിവെട്ടിയാണ് ആദ്യമായി നിയമസഭയിലേക്ക് മല്‍സരിച്ചു ജയിച്ച മുഹമ്മദ് റിയാസ് മന്ത്രി സ്ഥാനത്തെത്തിയത്. മാത്രമല്ല പൊതുമരാമത്ത്, ടൂറിസം എന്നീ പ്രധാനപ്പെട്ട വകുപ്പുകള്‍ ലഭിക്കുകയും ചെയ്തു. ഇതില്‍ ഷംസീറിന് പരിഭവമുണ്ടായിരുന്നു.
എക്സൈസ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന് സിപിഎംസംസ്ഥാന സെക്രട്ടറി ആയതോടെ വീണ്ടും മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷിച്ച ഷംസീറിന് എം.ബി. രാജേഷ് മന്ത്രിയാകുന്നതും കാണേണ്ടിവന്നു. പകരം ഷംസീറിനു കിട്ടിയതാകട്ടെ സ്പീക്കര്‍ കസേരയും.
ചുരുങ്ങിയ നാളുകള്‍കൊണ്ട് മികച്ച മന്ത്രിയെന്ന പേരെടുത്ത റിയാസിനെതിരേ നേരത്തെയും പ്രതിപക്ഷ നേതാവ് ശക്തമായ വിമര്‍ശനം നടത്തിയിരുന്നു.
എല്ലാം പിആര്‍ വര്‍ക്കാണെന്നായിരുന്നു ആക്ഷേപം. മന്ത്രിയുടെ ഓഫീസുകളിലെ മിന്നല്‍ സന്ദര്‍ശനവും പിന്നാലെ ചാനല്‍ കാമറകളുടെ അകമ്പടിയും ഈ വാദം ശക്തിപ്പെടുത്തുന്നതിന് പ്രതിപക്ഷത്തിന് സഹായകരമായി.