നടന്‍ കരണ്‍ ഒബ്‌റോയ്‌ക്കെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി അറസ്റ്റില്‍ ! പരാതി നല്‍കിയത് താന്ത്രികചികിത്സ നടത്തിയിരുന്ന യുവതി…

മുംബൈ: മീടു തരംഗം കഴിഞ്ഞെങ്കിലും ഇടയ്ക്കിടെ പല താരങ്ങള്‍ക്കെതിരേയും ലൈംഗികപീഡനാരോപണങ്ങള്‍ ഇപ്പോഴും ഉയരുന്നുണ്ട്. നടന്‍ കരണ്‍ ഒബ്‌റോയിക്കെതിരേ ലൈംഗികപീഡന പരാതി നല്‍കിയ യുവതി അറസ്റ്റിലായി എന്നതാണ് ഇപ്പോഴത്തെ പ്രധാന വാര്‍ത്ത. കള്ളപ്പരാതി നല്‍കിയതിനും വ്യാജമായി അക്രമം ആസൂത്രണം ചെയ്തതിനുമാണ് കേസ്.

കരണിനെതിരേ പരാതി നല്‍കിയ മുപ്പത്തിനാലുകാരിയെ കഴിഞ്ഞ ശനിയാഴ്ച ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിച്ചിരുന്നു. അക്രമം നടത്തിയവരെ പിടികൂടിയപ്പോള്‍, യുവതിയുടെ അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ തന്നെയാണു സംഭവം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് യുവതിക്കെതിരേ പോലീസ് കേസെടുത്തതും അറസ്റ്റുചെയ്തതും.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ചാണ് താന്ത്രികചികിത്സ നടത്തിയിരുന്ന യുവതി കരണിനെതിരേ പരാതി നല്‍കിയത്. മേയ് അഞ്ചിന് അറസ്റ്റിലായ കരണിന് ജൂണ്‍ ഏഴിനാണു ജാമ്യംലഭിച്ചത്. യുവതിയുടെ പരാതി കള്ളമാണെന്ന് നേരത്തേതന്നെ അഭിപ്രായമുയര്‍ന്നിരുന്നു. കരണ്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് ഓഷിവാര പോലീസ് യുവതിയെ അറസ്റ്റുചെയ്തത്.

സായാ, ജാസി ജൈസീ കോയി നഹീ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ കരണ്‍ ഒബ്‌റോയിയുമായി 2016 മുതല്‍ അടുപ്പമുള്ളയാളാണ് പരാതിക്കാരി. മഹേഷ് ഭട്ടിന്റെ ‘സ്വാഭിമാന്‍’ എന്ന പരമ്പരയിലൂടെ ടെലിവിഷന്‍രംഗത്തുവന്ന കരണ്‍ ഒബ്‌റോയി ഗ്രേറ്റ് ഇന്ത്യന്‍ കോമഡി ഷോ, ടൈറ്റാന്‍ അന്താക്ഷരി തുടങ്ങിയ പരിപാടികളുടെ അവതാരകനായിരുന്നു. ‘എ ബാന്‍ഡ് ഓഫ് ബോയ്‌സ്’ എന്ന സംഗീതസംഘത്തിലെ അംഗമായിരുന്നു. കിസ് കിസ് കോ, സര്‍വൈവല്‍ കോഡ് തുടങ്ങിയ ചലച്ചിത്രങ്ങളിലും ഒട്ടേറെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Related posts