അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരുപ്പൂരില്‍ എന്തു കാര്യം എന്നു ചോദിക്കരുത്. തിരുപ്പൂരില്‍ ട്രംപ് മൂന്നു ലക്ഷത്തോളം തൊഴിലാളികളുടെ പണി കളയാന്‍ പോകുന്നു. തിരുപ്പൂരിലെ റെഡിമെയ്ഡ് വസ്ത്രശാലകളും മില്ലുകളും വൈകാതെ പൂട്ടിപ്പോകും. കേരളത്തിനുമുണ്ട് ട്രെപിന്റെ പകച്ചുങ്കത്തിന്റെ ആഘാതം.
ഡോണള്‍ഡ് ട്രംപ് നടപ്പിക്കിയ പകരച്ചുങ്കത്തിന്റെ പ്രത്യാഘാതം ഇവിടത്തെ ചെമ്മീനും കശുവണ്ടിക്കും കയറുത്പന്നങ്ങള്‍ക്കും വന്‍തോതില്‍ ഉണ്ടാക്കും. ഇത്തരത്തിലാണ് തിരുപ്പൂരിലെ വസ്ത്രമേഖലയ്ക്കും സംഭവിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് തിരുപ്പൂരില്‍ തുണിവ്യവസായ മേഖലയില്‍ ജോലി നോക്കി ഉപജീവനം നടത്തിയിരുന്നത്.
ഇന്ത്യയുടെ വസ്ത്ര തലസ്ഥാനം എന്നു വിശേപ്പിക്കാവുന്ന തിരുപ്പൂരില്‍ 12,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. അമേരിക്കയിലേക്കുള്ള വസ്ത്രക്കയറ്റുമതിയില്‍ 70 ശതമാനത്തിലേറെ കുറവുണ്ടാക്കും വിധമാണ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം ചുങ്കം ഉയര്‍ത്തിയിരിക്കുന്നത്. ട്രംപിന്റെ ചുങ്കവും 14 ശതമാനം കസ്റ്റംസ് തീരുവയും കൂടി 64 ശതമാനമാണ് നികുതി ഉയര്‍ന്നിരിക്കുന്നത്. ഇതോടെ അമേരിക്കയിലേക്കുള്ള തുണി കയറ്റുമതി താല്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
തിരുപ്പൂരില്‍ നിന്നുള്ള ഓര്‍ഡറുകള്‍ പാകിസ്ഥാന്, ബംഗ്ലാദേശ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് മാറ്റി പരീക്ഷിക്കുന്നുണ്ടെങ്കിലും കാര്യമായ നേട്ടം ലഭിക്കാനിടയില്ല. തിരുപ്പൂര്‍, കോയമ്പത്തൂര്‍, കരൂര്‍ ജില്ലകളില്‍ മാത്രം 12.5 ലക്ഷം തൊഴിലാളികള്‍ നെയ്ത്ത്, വസ്ത്രനിര്‍മാണ മേഖലകളില്‍ ജോലി ചെയ്യുന്നുന്നുണ്ട്. തിരുപ്പൂരില്‍ മാത്രം 2500 വസ്ത്രനിര്‍മാണ ശാലകളിലായി ഒന്‍പതു ലക്ഷം പേരാണ് തൊഴില്‍ ചെയ്യുന്നത്. ഇതില്‍ 60 ശതമാനവും വനിതകളാണ്.
ഇന്ത്യയ്ക്ക് നികുതി വര്‍ധിക്കുന്നതോടെ ബംഗ്ലാദേശ്, വിയറ്റ്നാം, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാകും തുണിത്തരങ്ങള്‍ അവിടേക്ക് കയറ്റുമതി ചെയ്ത് നേട്ടമുണ്ടാക്കുക. കാര്‍പറ്റ്, കരകൗശല വസ്തു മേഖല തുര്‍ക്കി, പാകിസ്ഥാന്, നേപ്പാള്‍, ചൈന രാജ്യങ്ങള്‍ കൈയടക്കും. ബസുമതി അരി ഉള്‍പ്പെടെയുള്ള കാര്‍ഷിക, ഭക്ഷ്യ മേഖല പാകിസ്ഥാന്, തായ്ലാന്ഡ്, വിയറ്റ്നാം, കെനിയ, ശ്രീലങ്ക രാജ്യങ്ങളുടെ കൈയിലുമാകും.