കോട്ടയം: ചിങ്ങത്തിലെ മൂലംനാളില്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലത്തുനിന്നും ചുരുളന്‍ വള്ളത്തിലേറാന് ഇനി രവീന്ദ്രബാബു ഭട്ടതിരി ഇല്ല. കഴിഞ്ഞ നാലു തവണ തിരുവോണത്തോണിയുടെ അകമ്പടി തോണിയുടെ സാരഥിയായിരുന്നു ഇന്നലെ അന്തരിച്ച രവീന്ദ്രബാബു ഭട്ടതിരി. ആറന്മുള കാട്ടൂരില്‍നിന്ന് കുമാരനല്ലൂരിലേക്ക് കുടിയേറിയ മങ്ങാട്ടില്ലത്തെ കാരണവരാണ് നാലര നൂറ്റാണ്ടായി പാര്‍ഥസാരഥിക്കുള്ള ഓണവിഭവങ്ങളുമായി ആചാരപരമായ യാത്ര പോയിരുന്നത്.
യാത്രയുടെ അവകാശം രവീന്ദ്രബാബുവിനായിരുന്നെങ്കിലും വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായതോടെ സഹോദരപുത്രന് അനൂപ് നാരായണ ഭട്ടതിരിയാണ് കഴിഞ്ഞ വര്‍ഷം ചുരുളന്‍ വള്ളത്തില്‍ യാത്ര പുറപ്പെട്ടത്. ജ്യേഷ്ഠന് നാരായണ ഭട്ടതിരി അന്തരിച്ചശേഷം ആചാരനിയോഗം ഏറ്റെടുത്ത രവീന്ദ്രബാബു ഇതിനോടകം നാലുവട്ടം യാത്രപോയി. മൂലം നാളില്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലക്കടവില്നിന്ന് വളവരവച്ച ചുരുളനില്‍ മൂന്നു തുഴച്ചില്ക്കാരോടൊപ്പമായിരുന്നു യാത്ര. കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ദര്‍ശനവും പായസ നിവേദ്യവും നടത്തിയാണ് പുഴകളും കായലുകളും കടന്നുള്ള യാത്രയ്ക്ക് തോണിയേറിയിരുന്നത്.
തിരുവോണത്തിനു മുമ്പ് ആര് ബ്ലോക്ക് കായല്‍വഴി കിടങ്ങറയിലെത്തി ചക്കുളത്തുകാവിലും തിരുവല്ല മൂവടത്തുമഠത്തിലുമെത്തി വിശ്രമശേഷം പൂരാടത്തിനു വൈകുന്നേരം പമ്പയാറ്റിലൂടെ ആറന്മുള സത്രത്തിലെത്തി വിശ്രമിക്കും. ഉത്രാടത്തിന് രാവിലെ ആറന്മുളയില്നിന്ന് അയിരൂര്‍ പുതിയകാവിലെത്തി ഉച്ചപൂജയില്‍ പങ്കെടുക്കുന്ന ബാബു ഭട്ടതിരി പിന്നീട് മൂലകുടുംബക്ഷേത്രമായ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ദര്‍ശന ശേഷം അവിടെനിന്നും കരക്കാര് നിറയ്ക്കുന്ന വിഭവങ്ങളുമായി ആറന്മുളയിലേക്ക് തിരുവോണത്തോണിയുമായി യാത്രയാകുന്നതായിരുന്നു പതിവ്.
തിരുവോണപ്പുലര്‍ച്ചെ ജലഘോഷയാത്ര ആറന്മുള ക്ഷേത്രക്കടവിലെത്തും. തുടര്‍ന്ന് ഓണവിഭവങ്ങള്‍ സമര്‍പ്പിക്കും. പൊന്നോണത്തിന് ആറന്മുള ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്ന രവീന്ദ്രബാബു ഭട്ടതിരി ചെലവുമിച്ചം പണക്കിഴി കാണിക്കവഞ്ചിയില്‍ സമര്‍പ്പിച്ച ശേഷമാണ് കുമാരനല്ലൂരിലേക്ക് തിരിച്ചിരുന്നത്.