സഖാക്കള്‍ സഹായിച്ചില്ല, ബിജെപിയിലെ ചേട്ടന്‍ മാത്രമാണ് പിന്തുണ വാഗ്ദാനം നല്കിയത്, തൊടുപുഴ എസ്‌ഐ വിലപറഞ്ഞെന്ന് പോസ്റ്റിട്ട യുവതി രണ്ടുംകല്പിച്ച്, തൊടുപുഴയിലെ സംസാരവിഷയം ഇതൊക്കെ…

tdpaതൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റോ ക്വാര്‍ട്ടേഴ്‌സിലേക്ക് ക്ഷണിച്ചെന്നും നീതി ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും പോസ്റ്റിട്ട യുവതി രണ്ടുംകല്പിച്ച് തന്നെ. തന്റെ ഭര്‍ത്താവ് റെജിമോന്‍ സിപിഎമ്മിന്റെ വിജയത്തിനായി രാപകല്‍ അധ്വാനിച്ചിട്ടും ഒരു സഖാവും ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിക്കാരിയായ ജോളി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. കോതമംഗലം ബിജെപി മണ്ഡലം പ്രസിഡന്റ് മാത്രമാണ് തനിക്കു പിന്തുണ വാഗ്ദാനം ചെയ്തതെന്നും ജോളി പോസ്റ്റില്‍ പറയുന്നു. അതേസമയം മുഖ്യമന്ത്രിക്ക് നല്കാന്‍ തയാറാക്കിയ പരാതിയുടെ കോപ്പി ഇന്ന് അവര്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. സംഭവം വലിയ ചര്‍ച്ചാവിഷയമായതോടെ തൊടുപുഴക്കാര്‍ ഇപ്പോള്‍ നോട്ടിന്റെ കാര്യം മറന്ന് മൊബൈല്‍ ഷോപ്പിലെ സംഭവത്തെപ്പറ്റിയാണ് തലപുകയ്ക്കുന്നത്.

സിപിഎമ്മിനെ തല്ലാനുള്ള വടിയായി ബിജെപിക്കാര്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു. ഇതിനിടെ യുവതിയെ തള്ളി സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു പ്രവര്‍ത്തകയെ അറിയില്ലെന്നാണ് പാര്‍ട്ടി പറയുന്നത്. ഇതിനിടെ പ്രശ്‌നം വഷളാക്കാന്‍ ചില മതസാമൂദായിക സംഘങ്ങള്‍ ശ്രമിക്കുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ജോളിയുടെ ഫേസ്ബുക്ക് പേജില്‍ പിന്തുണ വാഗ്ദാനം നല്കി പ്രശ്‌നം ആളിക്കത്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതായാണ് വിവരം. യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിടുന്നവരുടെ സാമൂഹികപശ്ചാത്തലം നിരീക്ഷിക്കാനാണ് പോലീസ് നീക്കം. അതിനിടെ യുവതിയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞതോടെ മാധ്യമങ്ങളും വിഷയം അവസാനിപ്പിച്ച മട്ടാണ്. സംഭവം ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു ടിവി ചാനല്‍ മാത്രമാണ് ഇപ്പോഴും യുവതിയെ പിന്തുണച്ച് വാര്‍ത്ത നല്കുന്നത്.

മൊബൈല്‍ ചാര്‍ജു ചെയ്യാനെത്തിയ തന്നെ കടയുടമ കടന്നു പിടിച്ചെന്നുള്ള യുവതിയുടെ ആരോപണത്തിനു പിന്നില്‍ ബ്ലാക്ക് മെയിലിംഗ് മാഫിയയുടെ കരങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പത്രസമ്മേളനത്തില്‍ ആരോപിച്ചു. കടയുടമയ്‌ക്കെതിരെ പീഡനാരോപണങ്ങള്‍ ഉന്നയിച്ച് പണം തട്ടാനുള്ള ശ്രമമാണ് സംഘം നടത്തുന്നതെന്നും ഇതിന്റെ പിന്നില്‍ വന്‍ റാക്കറ്റുള്ളതായി സംശയിക്കുന്നതായും സമിതി ഭാരവാഹികള്‍ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചങ്ങനാശേരിയില്‍ നിന്നും ഇതിനു സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൊബൈല്‍ ചാര്‍ജ് ചെയ്യാനായി കടയിലേക്ക് സ്ത്രീ ആദ്യം കയറി വരികയും ഇതിനു പിന്നാലെയെത്തിയയാള്‍ തന്റെ മൊബൈലും ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഗുണ്ടായിസത്തിന്റെ രീതിയില്‍ കടയുടമയെയും സെയില്‍സ്മാനെയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സ്ത്രീ ഇതു തന്റെ ഭര്‍ത്താവാണെന്നു പറയുന്നത്.

കടയ്ക്കു പുറത്തിറങ്ങിയ സ്ത്രീയും ഭര്‍ത്താവും കടയുടമ കടന്നു പിടിച്ചെന്നും അശ്ലീലം ചെയ്‌തെന്നും പറഞ്ഞെന്നുമാരോപിച്ച് ബഹളം വയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ യുവതിയുടെയും ഭര്‍ത്താവിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. ഇതിനു ശേഷമാണ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. യുവതിയുടെ പരാതി പോലീസ് സ്വീകരിക്കുന്നതിനിടെയാണ് ഭര്‍ത്താവ് എസ്‌ഐയെ ആക്രമിക്കുന്ന രീതിയില്‍ പാഞ്ഞടുത്തതും സ്‌റ്റേഷനില്‍ പരാക്രമം കാട്ടിയതും. സ്‌റ്റേഷനില്‍ ഈ സമയം പോലീസുകാരും മറ്റു നാട്ടുകാരും ഉണ്ടായിരുന്നു. ഇവരെല്ലാം ഇക്കാര്യത്തില്‍ ദൃക്‌സാക്ഷികളാണെന്നും വ്യാപാരി വ്യവസായി ഭാരവാഹികള്‍ പറഞ്ഞു.

Related posts