വിഡഢിദിനത്തില്‍ ഏറ്റെടുത്ത മന്ത്രിസ്ഥാനം! മന്ത്രിസഭയിലെ മൂന്നാമത്തെ വിക്കറ്റ് തെറിച്ചു; തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം കായല്‍ കൊണ്ടുപോയി; ഒടുവില്‍ രാജി

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. മുഖ്യമന്ത്രിയ്ക്ക് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനാണ് രാജികത്ത് സമര്‍പ്പിച്ചത്. ലേക്ക് പാലസ് എന്ന തന്റെ റിസോര്‍ട്ടിനായി മാര്‍ത്താണ്ഡം കായല്‍ കൈയ്യേറി എന്ന വിഷയത്തോട് ബന്ധപ്പെട്ടാണ് രാജി. മന്ത്രിസഭായോഗത്തിനിടെ തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

നിലംനികത്തലും പുറമ്പോക്കു കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി, അതിരൂക്ഷ പരാമര്‍ശങ്ങളോടെ ഹൈക്കോടതി തള്ളിയിരുന്നു. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയത്, മന്ത്രിസഭാ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നാണ് കോടതി വിലയിരുത്തിയത്. മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുകകൂടി ചെയ്തതോടെ രാജി അനിവാര്യമാവുകയായിരുന്നു.

മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെതുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നുള്ള മൂന്നാമത്തെ വിക്കറ്റാണ് തെറിച്ചിരിക്കുന്നത്. എ കെ ശശീന്ദ്രനും, ഇ പി ജയരാജനുമാണ് ഇതിന് മുമ്പ് രാജി വയ്‌ക്കേണ്ടി വന്നത്. എ കെ ശശീന്ദ്രന് പകരക്കാരനായാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം ലഭിച്ചത്. തോമസ് ചാണ്ടി രാജിവച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെ വകുപ്പ് തത്കാലത്തേയ്ക്ക് ഏറ്റെടുക്കാനാണ് സാധ്യത. ഫോണ്‍വിളി ആരോപണത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിനുശേഷമാവും എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുക. വിഢ്ഡിദിനം എന്നറിയപ്പെടുന്ന ഏപ്രില്‍ ഒന്നിനാണ് തോമസ് ചാണ്ടി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റതെന്നും എട്ടുമാസം തികയും മുമ്പ് രാജിവയ്‌ക്കേണ്ടി വന്നതെന്നതും കൗതുകമായിരിക്കുകയാണ്.

 

 

Related posts