രാജകീയ യാത്ര! തോമസ് ചാണ്ടിയുടെ രാജിയ്ക്ക് മുമ്പ് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍; രാജിക്ക് ശേഷവും സ്വന്തം മണ്ഡലമായ കുട്ടനാട്ടിലേക്ക്, അതും സര്‍ക്കാര്‍ ചെലവില്‍

കായല്‍ കയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതിയില്‍നിന്നു കനത്ത തിരിച്ചടിയേറ്റ തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിലനിര്‍ത്താന്‍ രാവിലെ മുതല്‍ തലസ്ഥാനത്ത് അരങ്ങേറിയതു ഒരു സിനിമാക്കഥയെ വെല്ലുന്ന നീക്കങ്ങള്‍. മന്ത്രിസഭായോഗത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാണ്ടിയെയും ടി.പി. പീതാംബരനെയും കൂടിക്കാഴ്ചയ്ക്കു വിളിച്ചു. ഇതേത്തുടര്‍ന്നു വീണ്ടും ദേശീയനേതൃത്വവുമായി കൂടിയാലോചനകള്‍ നടത്തിയശേഷമാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മുഖേന തോമസ് ചാണ്ടി രാജിക്കത്തു നല്‍കിയത്. രാവിലെ 7.00 ന് രാജിക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമില്ലെന്നു എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പിന്നീടു തോമസ് ചാണ്ടിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 7.30 ന് മന്ത്രിയുടെ വസതിയിലെത്തിയ പീതാംബരനും തോമസ് ചാണ്ടിയുമായി ചര്‍ച്ച നടന്നു. ഇരുവരും പിന്നീടു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ക്ലിഫ് ഹൗസിലേക്ക് നീങ്ങി. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം ക്ലിഫ് ഹൗസിനു പുറത്തു കാത്തുനിന്ന മാധ്യമങ്ങളോടു പ്രതികരിക്കാതെ ഇരു കാറുകളിലായി മന്ത്രി തോമസ് ചാണ്ടിയും ടി.പി. പീതാംബരനും പുറത്തേക്ക്. 9.00 ന് തോമസ് ചാണ്ടി മന്ത്രിസഭായോഗത്തിനെത്തി. കോടതി വിധി കൈയില്‍ കിട്ടട്ടേ, അതിനുശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നു ചാണ്ടി മാധ്യമങ്ങളോടു പ്രതികരിച്ചു. തോമസ് ചാണ്ടി പങ്കെടുത്തതിനാല്‍ സിപിഐ എംഎല്‍എമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. പ്രതിഷേധം അറിയിച്ചു സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി.

10.30 മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. തോമസ് ചാണ്ടി വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. ദേശീയ നേതൃത്വവുമായി ആലോചിക്കാന്‍ എന്‍സിപിക്കു വീണ്ടും സമയം നല്‍കി. 11.00 മന്ത്രിസഭായോഗശേഷം തോമസ് ചാണ്ടി പുറത്തുവന്നു. എന്‍സിപി ദേശീയ നേതൃത്വം അനുവദിച്ചാല്‍ രാജിവയ്ക്കുമെന്നും രണ്ടു മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയെ കാണുമെന്നും ചാണ്ടി മാധ്യമങ്ങളെ അറിയിച്ചു. രണ്ടു മണിക്ക് തോമസ് ചാണ്ടി മാധ്യമങ്ങളെ കാണുമെന്ന് റിപ്പോര്‍ട്ട് വന്നു. 12.30 തോമസ് ചാണ്ടി മന്ത്രിമന്ദിരത്തില്‍നിന്നു സ്വന്തം മണ്ഡലമായ കുട്ടനാട്ടിലേക്കു ഔദ്യോഗിക വാഹനത്തില്‍ പുറപ്പെട്ടു. 12.45 ടി.പി. പീതാംബരന്‍ സെക്രട്ടേറിയറ്റിലെത്തി തോമസ് ചാണ്ടിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറി. പാര്‍ട്ടിക്കു കൈമാറിയ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി പീതാംബരന്‍ പ്രഖ്യപിക്കുകയും ചെയ്തു.

 

Related posts